മുല്ലപ്പെരിയാർ അണക്കെട്ടിൽ "രക്ഷ’എത്തി
1458719
Friday, October 4, 2024 2:10 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ പോലീസിന് "രക്ഷ’ എത്തി. മുല്ലപ്പെരിയാർ അണക്കെട്ടിൽ പോലീസിനായി അനുവദിച്ച പുതിയ സ്പീഡ് ബോട്ടാണ് രക്ഷ. പെട്രോൾ ഓണ്‍ ബോർഡ് എൻജിൻ.150 കുതിരശക്തി. 15 പേർക്ക് സഞ്ചരിക്കാം. ബോട്ട് സ്റ്റാർട്ട് ചെയ്താൽ 25 മിനിറ്റിനുളളിൽ തേക്കടിയിൽനിന്നു മുല്ലപ്പെരിയാർ അണക്കെട്ടിലെത്തും. ഇൻബോർഡ് എൻജിനുള്ള രണ്ട് ബോട്ടുകളിൽ ഒരെണ്ണത്തിൽ ഏഴും മറ്റൊന്നിൽ ഒൻപതും അളുകളെ കയറ്റാം.
ആകെ 140 പോലീസുകാരാണ് മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കുള്ളത്. പുതിയ ബോട്ട് എത്തിയതോടെ ഇവരുടെ യാത്രാപ്രശ്നത്തിന് പരിഹാരമാകും. ഡ്യൂട്ടിയിലുള്ളവർക്ക് എന്തെങ്കിലും അസുഖമോ അടിയന്തര സാഹചര്യമോ ഉണ്ടായാൽ മുൻപ് വനത്തിലൂടെ വള്ളക്കടവ് വഴി വണ്ടിപ്പെരിയാറ്റിലെത്തണമായിരുന്നു. അല്ലെങ്കിൽ മണിക്കൂർ എടുത്ത് പഴയ ബോട്ടിൽ തേക്കടിയിലെത്തണം. ഇനിയും മിനിറ്റുകൾകൊണ്ട് ഡാമിൽനിന്നു സ്പീഡ് ബോട്ടിൽ തേക്കടിയിലെത്താം.
ഇന്നു രാവിലെ 10ന് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്യും. മുല്ലപ്പെരിയാർ ഡിവൈഎസ്പി രാജ്മോഹൻ പങ്കെടുക്കും.