കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാനപാത നിർമാണത്തിൽ ക്രമക്കേട് : ഒറ്റ മഴയ്ക്ക് ടാറിംഗ് ഇളകി; നാട്ടുകാർ നിർമാണം തടഞ്ഞു
1458718
Friday, October 4, 2024 2:03 AM IST
നെടുംങ്കണ്ടം: ഹൈവേയിലെ ടാറിംഗ് ഒരുദിവസംകൊണ്ടു പൊളിഞ്ഞു. ഒറ്റ മഴയിൽ ടാറിംഗ് ഇളകിയതോടെ നാട്ടുകാർ നിർമാണം തടഞ്ഞു.78 കോടി രൂപ ചെലവിൽ നിർമിക്കുന്ന കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാനപാതയുടെ ആദ്യ റീച്ചിന്റെ നിർമാണമാണ് വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് നാട്ടുകാർ തടഞ്ഞത്. ഇതോടെ സംഘർഷാവസ്ഥയും ഉണ്ടായി.
പാതയുടെ വിവിധയിടങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമാണമാണ് നടത്തുന്നതെന്നും ക്രാഷ് ബാര്യറുകളടക്കം നിർമിക്കുന്നത് അശാസ്ത്രീയമായാണെന്നുമാണ് പരാതി. ബുധനാഴ്ച രാത്രിയിൽ ചെയ്ത ടാറിംഗ് ഇന്നലെ രാവിലെ പൊളിഞ്ഞതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്.
പെരുമഴയത്താണ് ടാറിംഗ് നടന്നത്. രാത്രിയിൽ മഴ സമയത്ത് നടത്തിയ ടാറിംഗ് നാട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്ന് നിർത്തിവച്ചെങ്കിലും പാതിരാത്രിയോടുകൂടി വീണ്ടും ടാറിംഗ് നടത്തുകയായിരുന്നു. ഈ ടാറിംഗാണ് ഇന്നലെ പകൽ വാഹനങ്ങൾ കയറിയിറങ്ങിയപ്പോൾ പൊളിഞ്ഞത്.
കമ്പംമെട്ട് -വണ്ണപ്പുറം സംസ്ഥാനപാതയുടെ ആദ്യ റീച്ചിൽ ഉൾപ്പെടുന്ന കമ്പംമെട്ട് മുതൽ തൂക്കുപാലം വരെയുള്ള ഭാഗത്തെ പണികൾ പൂർത്തിയായിട്ടുണ്ട്. തൂക്കുപാലം ടൗൺ മുതൽ കല്ലാർ വരെയുള്ള ഭാഗത്തെ നിർമാണങ്ങളിലാണ് ക്രമക്കേടുകൾ നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.
തൂക്കുപാലത്തിനു സമീപം പുഷ്പവിലാസം ഭാഗത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ഇടിഞ്ഞു പൊളിഞ്ഞ കൽക്കെട്ടിന് മുകളിൽ പുതിയ കൽക്കെട്ട് നിർമിച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് കരാറുകാർ നടത്തുന്നത്.
നിലവിലുള്ള കൽക്കെട്ട് പൊളിച്ച് പുതിയ കൽക്കെട്ട് സ്ഥാപിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കോൺക്രീറ്റിംഗിലും വ്യാപകമായി ക്രമക്കേടുകൾ നടന്നിട്ടുള്ളതായും നാട്ടുകാർ പറയുന്നു. പലയിടത്തും കോൺക്രീറ്റിംഗ് നടത്തി ഒരാഴ്ചകൊണ്ട് തന്നെ വാഹനങ്ങൾ കയറി ഇറങ്ങിയതോടെ പൂർണമായും പൊളിഞ്ഞ് അടർന്നുമാറിയിട്ടുണ്ട്.
രണ്ടുകോടി 78 ലക്ഷം രൂപയാണ് ഒരു കിലോമീറ്റർ റോഡ് നിർമാണത്തിനായി വകയിരുത്തിയിരിക്കുന്നത്. കരാറുകാരനും ചില സ്ഥാപിത താത്പര്യക്കാരും കോടിക്കണക്കിന് രൂപ തട്ടിയെടുക്കുവാൻ വേണ്ടി നടത്തുന്ന തട്ടിക്കൂട്ട് പണികളാണ് ഇപ്പോൾ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് ആരോപണം.
നാട്ടുകാർ ഉന്നയിച്ച ആരോപണങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ അടുത്തദിവസം തന്നെ റോഡ് പണി തടയുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. കോടികളുടെ നിർമാണ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥ സാന്നിധ്യമില്ലെന്നും ആക്ഷേപമുണ്ട്.