പഞ്ചായത്തു ജീവനക്കാരി ഓഫീസിൽ കുഴഞ്ഞുവീണു
1417100
Thursday, April 18, 2024 3:30 AM IST
ഉപ്പുതറ: ജോലിക്കാര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വിശദീകരണം ചോദിച്ചതിനെത്തുടർന്ന് ജീവനക്കാരി ഓഫീസിനുള്ളിൽ കുഴഞ്ഞു വീണു. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ സീനിയർ ക്ലർക്ക് ആർ. രാജിയാണ് കുഴഞ്ഞു വീണത്.
ഉടൻ ഇവരെ ആലടി ഗവ. ആശുപത്രിയിലും തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പഞ്ചായത്ത് മാർക്കറ്റു ലേലവുമായി ബന്ധപ്പെട്ട് കോടതിയിൽനിന്നു വന്ന അറിയിപ്പ് സെക്ഷൻ കൈകാര്യം ചെയ്യുന്ന സീനിയർ ക്ലാർക്ക് പ്രസിഡന്റിനെ അറിയിച്ചില്ല.
ഇതുകാരണം കോടതിയിൽ കക്ഷിചേരാൻ കഴിയാതെ കേസ് പഞ്ചായത്തിന് തിരിച്ചടിയായി. ഇതു സംബന്ധിച്ച് ഇവരോട് വിശദീകരണം തേടി . തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാദ പ്രതിവാദത്തിനിടെ ക്ലാർക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
ലേലം നടപടി ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ കോടതി വിധി എതിരായത് സെക്ഷൻ ക്ലാർക്കിന് സംഭവിച്ച പിഴവാണെന്ന് പ്രസിഡന്റ് ജയ്മോൾ ജോണ്സൻ പറഞ്ഞു. ഇതു ചോദിച്ചപ്പോൾ ജീവനക്കാരി തട്ടിക്കയറിയെന്നും അപമര്യാദയായി പെരുമാറിയെന്നും പ്രസിഡന്റ് ആരോപിച്ചു. ജീവനക്കാരിക്കെതിരേ പ്രസിഡന്റ് ഉപ്പുതറ പോലീസിൽ പരാതി നൽകുകയും ചെയ്തു.
തന്റേതല്ലാത്ത കാരണത്തിന് പ്രസിഡന്റ് ശാസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് രാജി പറയുന്നത്.