തൊടുപുഴ: ബാഗും പുസ്തകവും ചോറ്റുപാത്രവുമൊക്കെയായി അവർ വീണ്ടും സ്കൂളുകളുടെ പടി കയറി. കുടുംബശ്രീ മിഷൻ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന തിരികെ സ്കൂളിൽ കാന്പയിന്റെ ഭാഗമായാണ് അയൽക്കൂട്ടം അംഗങ്ങളായ വീട്ടമ്മമാർ ഒരിക്കൽ കൂടി വിദ്യാലയങ്ങളിലെത്തിയത്.
പൊതു വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച പരിപാടി സ്കൂൾ ദിനങ്ങൾക്കു സമാനമായ രീതിയിലായതോടെ വീട്ടമ്മമാർ അച്ചടക്കമുള്ള വിദ്യാർഥികളായി മാറി. പലരും മുടി പിന്നിയും ഒരേ രീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞുമെത്തിയത് സ്കൂൾ കാലത്തെ അനുസ്മരിപ്പിച്ചു.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പതിനാറാംകണ്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ചെറുപ്പകാല ഓർമകളിലെ സുവർണ നിമിഷങ്ങളായ ക്ലാസ് റൂം പഠനത്തിലൂടെ നൂതന ആശയങ്ങൾ പരിചയപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്വയംപര്യാപ്തതയിലേക്ക് വരാൻ സ്ത്രീശാക്തീകരണത്തിന്റെ പുതിയ മുഖം കണ്ടെത്താൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ സംഘടനാ സംവിധാനം മെച്ചപ്പെടുത്താനും നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുടുംബശ്രീ അംഗങ്ങൾക്ക് പുതിയ ഉപജീവന സാധ്യതകൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയും നടപ്പാക്കുന്ന പദ്ധതിയാണിത്.
ഡിസംബർ 10 വരെയാണ് പദ്ധതിയുടെ കാലയളവ്. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ക്ലാസുകൾ. സംഘടനാശക്തികൾ- അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ-ജീവിത ഭദ്രത നമ്മുടെ സന്തോഷം, പുതിയ അറിവുകൾ പുതിയ ആശയങ്ങൾ, ഡിജിറ്റൽ കാലം എന്നിങ്ങനെ അഞ്ച് വിഷയങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്.
രാവിലെ 9.30ന് അസംബ്ലിയോടെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. തുടർന്ന് പ്രാർഥന, പ്രതിജ്ഞ അടക്കം സ്കൂൾ പ്രവർത്തി ദിവസം പോലെ തന്നെ കുടുംബശ്രീയുടെ പ്രവർത്തനങ്ങളിലൂന്നിയുള്ള ക്ലാസുകളാണ് നടക്കുന്നത്. ഒരു ക്ലാസിൽ 50 മുതൽ 60 വരെ കുടുംബശ്രീ അംഗങ്ങളെയാണു പഠിപ്പിക്കുന്നത്.
ഒരു ദിവസം 1.15 മിനിറ്റുള്ള രണ്ട് ക്ലാസുകളും 45 മിനിറ്റുള്ള മൂന്നു ക്ലാസുകളും ഉണ്ടാകും. പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസെടുക്കുന്നത്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സിബിച്ചൻ തോമസ്, വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണി ഏബ്രഹാം, പഞ്ചായത്തംഗങ്ങളായ മിനി ഷാജി, സുനിത സജീവ്, കുടുംബശ്രീ ജില്ലാമിഷൻ എഡിഎംസി വി.എം.ആശമോൾ , സിഡിഎസ് ചെയർപേഴ്സണ് ആതിര അനിൽ എന്നിവർ പ്രസംഗിച്ചു.
തിരികെ സ്കൂളിൽ പദ്ധതി രാജകുമാരിയിലും
രാജകുമാരി: ബാഗും കുടയും ബുക്കുകളും പേനയും സ്മാർട്ട് ഫോണുകളും ഉച്ചഭക്ഷണവുമായി അവർ തിരികെ സ്കൂളിൽ എത്തി.
രാജകുമാരിയിലെ കുടുംബശ്രീ അംഗങ്ങളായ പൂർവ വിദ്യാർഥിനികളാണ് അയൽക്കൂട്ടം ശക്തീകരണ കാമ്പയിന്റെ ഭാഗമായി നടത്തിയ തിരികെ സ്കൂളിലേക്ക് എന്ന പരിപാടിയിൽ എത്തിയത്.
ഖജനാപാറ ഗവ. എച്ച് എസിലായിരുന്നു പരിപാടി. ഉദ്ഘാടന യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺ ബിനി ജോസ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം നിർവഹിച്ചു. ആശാ സന്തോഷ്, രാജാറാം, വിമല ദേവി, ചിത്ര, പി രവി, ഇന്ദിര വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.