നെടുങ്കണ്ടം പഞ്ചായത്തില്‍ ഭരണപ്രതിസന്ധി
1338496
Tuesday, September 26, 2023 10:56 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിന്റെ അജൻഡ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മുഴുവന്‍ അംഗങ്ങളും നിരാകരിച്ച് വിയോജനം രേഖപ്പെടുത്തി. ബേഡുമെട്ട് മാലിന്യ പ്ലാന്റില്‍നിന്നു മാലിന്യം നീക്കം ചെയ്ത ഇനത്തില്‍ ക്ലീന്‍ കേരള കമ്പനിക്ക് പണം നല്‍കുന്നതിനുള്ള അജൻഡയാണ് ഭരണ പ്രതിപക്ഷ മെംബർമാര്‍ ഏകകണ്ഠമായി തള്ളിയത്.
എല്‍ഡിഎഫ് നേതൃത്വം നൽകുന്ന ഭരണ സമിതിയിൽ സിപിഐ അംഗങ്ങളാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും. ക്ലീന്‍ കേരള കമ്പനിക്ക് പണം നല്‍കാനുള്ള വിഷയം അജൻഡയില്‍ ഉള്‍പ്പെടുത്തിയത് പ്രസിഡന്റിന്റെ തന്നിഷ്ടപ്രകാരമാണെന്ന് സിപിഐ മെംബര്‍മാര്‍തന്നെ ആരോപിച്ചു.
ഇന്നലെ പഞ്ചായത്തുകമ്മിറ്റി ആരംഭിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍ വിഷയം ഉന്നയിച്ചു. കമ്പനിക്ക് പണം നല്‍കാനാകില്ലെന്നും വിഷയം അജൻഡയില്‍ ഉള്‍പ്പെടുത്തിയത് തെറ്റാണെന്നും പറഞ്ഞ് വിയോജനം രേഖപ്പെടുത്തുകയും ചെയ്തു.
ഇതിനുപിന്നാലെ ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഐ, സിപിഎം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ മെംബര്‍മാരും വിയോജനം രേഖപ്പെടുത്തി. ഇന്നലെ കമ്മിറ്റിയില്‍ പങ്കെടുത്ത 20 മെംബര്‍മാരില്‍ 19 പേരും കമ്പനിക്ക് പണം നല്‍കരുതെന്ന് ആവശ്യപ്പെട്ടു.
ഇതോടെ കമ്മിറ്റിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്പെട്ടു. ബേഡുമെട്ട് മാലിന്യ പ്ലാന്റിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഒരുകോടി 30 ലക്ഷം രൂപ പഞ്ചായത്ത് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കണമെന്നാണ് കരാര്‍.
എന്നാല്‍ ഇവിടെനിന്ന് എത്രലോഡ് മാലിന്യങ്ങള്‍ നീക്കിയെന്നോ ഇതിന്റെ കണക്കുകളോ പഞ്ചായത്തില്‍ നിലവിലില്ല. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് പരിശോധിക്കാന്‍ പഞ്ചായത്ത് തയാറായതുമില്ല. ഈ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മൂലമാണ് മുന്‍ പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞദിവസം സസ്പെന്‍ഷനിലായത്.
സിപിഐയിൽ കലാപം
നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ കമ്മിറ്റി അജൻഡ സംബന്ധിച്ച് സിപിഐയിൽ കലാപം.
മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി കരാര്‍ നല്കിയ കമ്പനിക്ക് പണം നല്‍കാനുള്ള അജൻഡ സംബന്ധിച്ച് രണ്ടു ദിവസമായി മെംബര്‍മാര്‍ തമ്മില്‍ ചര്ച്ചനടന്നുവരികയായിരുന്നു. അജൻഡ പിന്‍വലിക്കണമെന്ന് വൈസ് പ്രസിഡന്റ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്‍വലിക്കാന്‍ തയാറായില്ല.
തുടര്‍ന്ന് മെംബര്‍മാര്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ സമീപിച്ചു. ജില്ലാ നേതൃത്വവും അജൻഡ പിന്‍വലിക്കാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നിലപാടില്‍ ഉറച്ചുനില്ക്കുകയായിരുന്നെന്നു പറയുന്നു.
ഭരണസമിതി രാജിവയ്ക്കണം: യുഡിഎഫ്
നെടുങ്കണ്ടം: പഞ്ചായത്ത് കമ്മറ്റിയില്‍ വിശ്വാസ്യത നഷ്ടപ്പെട്ട നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് യുഡിഎഫ് മെംബര്‍മാര്‍ ആവശ്യപ്പെട്ടു. ബേഡുമെട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ മുമ്പും ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ മറ്റ് മെംബര്‍മാരെ വിശ്വാസ്യത്തിലെടുക്കാനോ ചര്‍ച്ച ചെയ്യാനോ ഭരണസമിതി തയാറായിരുന്നില്ല.
ഭരണസമിതിയിലെ ചിലർ ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ചകൂടാതെ തീരുമാനിക്കുകയും നടപ്പാക്കുകയുമാണ് ചെയ്തത്. ഇതുമൂലം പഞ്ചായത്തിന് വലിയ നഷ്ടം ഉണ്ടായി. ഇന്നലെ വിഷയം ചര്‍ച്ച ചെയ്യാന്‍ വച്ച അജൻഡ ആദ്യം എതിര്‍ത്തത് വൈസ് പ്രസിഡന്റുതന്നെയാണ്.
തുടര്‍ന്ന് ഭരണകക്ഷിയിലെ മുഴുവന്‍ മെംബര്‍മാരും പ്രതിപക്ഷ മെംബര്‍മാരും വിയോജനം രേഖപ്പെടുത്തി. ഇതോടെ ഭരണകക്ഷി ഒറ്റപ്പെട്ടിരിക്കുയാണ്. ഈ സാഹചര്യത്തില്‍ ഭരണസമിതി രാജിവച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നു യുഡിഎഫ് മെംബർമാര്‍ ആവശ്യപ്പെട്ടു.