റീജണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ ആരംഭിച്ചു
1301083
Thursday, June 8, 2023 10:51 PM IST
നെടുങ്കണ്ടം: ഇടുക്കി ജില്ലാ ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്സ് ആൻഡ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ റീജണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ നെടുങ്കണ്ടം ചക്കക്കാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ 85 ഓളം ഡ്രൈവിംഗ് സ്കൂളുകളെ ഉള്‍പ്പെടുത്തിയാണ് ജില്ലാതലത്തില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചത്.
ജില്ലയിലെ അഞ്ചു താലൂക്കുകളിലും സൊസൈറ്റിയുടെ ട്രെയിനിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാമത് സെന്റര്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തനം തുടങ്ങിയത്. ഉടുമ്പന്‍ചോല താലൂക്കിലെ 22 സ്കൂളുകള്‍ നെടുങ്കണ്ടത്തെ ട്രെയിനിംഗ് സെന്ററിന്റെ പരിധിയില്‍ വരും.
കേന്ദ്ര നിയമപ്രകാരം ഡ്രൈവിംഗ് സ്കൂളുകള്‍ നടത്താന്‍ രണ്ടേക്കര്‍ സ്ഥലമെങ്കിലും ആവശ്യമാണ്. എല്ലാ സ്കൂളുകള്‍ക്കും ഇത് പ്രയോഗികമായി നടപ്പിലാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഡ്രൈവിംഗ് സ്കൂളുകള്‍ ചേര്‍ന്ന് സൊസൈറ്റിക്കു രൂപം നല്‍കിയത്.
നെടുങ്കണ്ടത്ത് ആരംഭിച്ച ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം എം.എം. മണി എംഎല്‍എ നിര്‍വഹിച്ചു. കെ.ജെ. മാണി അധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാ ത്യാഗരാജന്, തോമസ് രാജു, എം.എന്‍. ഗോപി, ടി.എം. ജോണ്‍, ജോസ് പാലത്തിനാല്‍, ഷിബു ചെരികുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.