ആരോഗ്യരംഗത്ത് ജില്ല പതിറ്റാണ്ട് പിന്നിൽ
1299859
Sunday, June 4, 2023 6:45 AM IST
തൊടുപുഴ: ആരോഗ്യരംഗത്തെ കേരള മോഡൽ ചർച്ച ചെയ്യപ്പെടുന്പോഴും ഇക്കാര്യത്തിൽ ഇടുക്കിയുടെ കാര്യം അതീവ ദയനീയം. അടിസ്ഥാന സൗകര്യം പോലുമില്ലാതെ വീർപ്പുമുട്ടുകയാണ് സുവർണജൂബിലി ആഘോഷിച്ച ഇടുക്കി. കിടത്തിചികിത്സ പോലുമില്ലാത്ത പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളാണ് ഇവിടെ കൂടുതലുമുള്ളത്. പല പിഎച്ച്എസികളിലും ആവശ്യത്തിനു ഡോക്ടർമാരും ജീവനക്കാരുമില്ല. സിഎച്ച്സികളിലും പരിമിത സൗകര്യങ്ങൾ മാത്രം.
ജില്ലയിൽ കട്ടപ്പന, അടിമാലി, പീരുമേട് എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
കെട്ടിടമുണ്ട്, ചികിത്സയില്ല
തൊടുപുഴ, നെടുങ്കണ്ടം എന്നീ ജില്ലാ ആശുപത്രികളിലും പ്രൗഢി വിളിച്ചോതുന്ന കെട്ടിടസമുച്ചയമുണ്ടെങ്കിലും വിദഗ്ധചികിത്സ വേണമെങ്കിൽ സമീപജില്ലകളിലെ മെഡിക്കൽ കോളജുകളിലേക്കും സ്വകാര്യ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളിലേക്കും പോകേണ്ട ദുരവസ്ഥ.
2014 സെപ്റ്റംബർ 17ന് ഉദ്ഘാടനം ചെയ്ത ഇടുക്കി മെഡിക്കൽ കോളജ് ഇനിയും പൂർണസജ്ജമായിട്ടില്ല. വിവിധ സ്പെഷാലിറ്റി ഡോക്ടർമാരുടെയും ആധുനിക ഉപകരണങ്ങളുടെയും അഭാവം മൂലം അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ പോലും മറ്റെവിടേക്കെങ്കിലും കൊണ്ടുപോകേണ്ട സ്ഥിതിയാണുള്ളത്.
ആധുനിക ചികിത്സാ സൗകര്യത്തിനായുള്ള മലയോര ജനതയുടെ മുറവിളിക്കു മാറിമാറി വരുന്ന സർക്കാരുകൾ ഇതുവരെ വാതിൽ തുറന്നുകൊടുത്തിട്ടില്ലെന്നതാണ് യാഥാർഥ്യം.
കിടത്തിചികിത്സപേരിനു മാത്രം
ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ കിടത്തി ചികിത്സയുള്ളതു ചുരുക്കം സ്ഥലത്തു മാത്രം. പ്രതിദിനം 200-300 രോഗികൾ ചികിത്സ തേടിയെത്തുന്ന കരിമണ്ണൂർ, അറക്കുളം,ദേവികുളം, രാജകുമാരി തുടങ്ങി പല പിഎച്ച്സികളിലും കിടത്തി ചികിത്സയില്ല. ആശുപത്രി വികസന സമിതികളും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളും ആരോഗ്യവകുപ്പും ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഇതിനുള്ള സൗകര്യം സജ്ജമാക്കാനാകുമായിരുന്നു.
നേരത്തെ അറക്കുളത്തു കിടത്തി ചികിത്സയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ കാരിക്കോട് ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ബസ് സർവീസില്ലാത്ത മലയോര മേഖലയിലുള്ളവരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്.
ഒാടി മടുത്ത ജനം
ഗ്രാമീണ ജനതയുടെയും സാധാരണക്കാരുടെയും ആശ്രയ കേന്ദ്രമായ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കാനും കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താനും അധികൃതർ തയാറായാലേ ജീവനുവേണ്ടിയുള്ള നെട്ടോട്ടത്തിന് അറുതിവരൂ.
തേയിലത്തോട്ടം തൊഴിലാളികളും സാധാരണക്കാരുമായ നൂറുകണക്കിനു കുടുംബങ്ങൾ അധിവസിക്കുന്ന മൂന്നാർ മേഖലയിൽ സർക്കാരിനു കീഴിൽ ചികിത്സ സംവിധാനമില്ല. ഇവിടെയുള്ളവർ കൂടുതലായും ടാറ്റ ടീ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.
ദേവികുളം പഞ്ചായത്തിനു കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പള്ളിവാസൽ പഞ്ചായത്തിനു കീഴിലുള്ള ചിത്തിരപുരം സിഎച്ച്സിയിലും ചികിത്സ തേടി മൂന്നാറിൽനിന്നുള്ളവരടക്കം എത്തുന്നുണ്ടെങ്കിലും വിദഗ്ധ ചികിൽസയ്ക്ക് എറണാകുളത്തേക്കൊ കോട്ടയത്തേക്കോ റഫർ ചെയ്യുകയാണ് പതിവ്. ഇതു വലിയ പ്രതിസന്ധിയിലേക്കാണ് സാധാരണക്കാരെ തള്ളിവിടുന്നത്.
സർക്കാർ മേഖലയിൽ 64 ചികിത്സാകേന്ദ്രങ്ങൾ
സർക്കാർ മേഖലയിൽ മാത്രം ജില്ലയിൽ പിഎച്ച്സി, സിഎച്ച്സി, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിങ്ങനെ 64 ചികിത്സാ കേന്ദ്രങ്ങളാണുള്ളത്. ഇതിൽ ലോറേഞ്ചിൽ 14 കേന്ദ്രങ്ങളുണ്ട്. ഇതിനു പുറമെയാണ് ഇടുക്കിയിൽ മെഡിക്കൽ കോളജ് അനുവദിച്ചപ്പോൾ തൊടുപുഴ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തിയത്. തൊടുപുഴ നഗരസഭാ പരിധിയിൽ മാത്രം സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളേജ് ഉൾപ്പെടെ ചെറുതും വലുതുമായ ഏഴ് ആശുപത്രികളുമുണ്ട്.
ഇടുക്കി മെഡിക്കൽ കോളജിനു പുറമെ ഹൈറേഞ്ച് മേഖലയിൽ സർക്കാർ മേഖലയിൽ മാത്രം 49 ചികിത്സാ കേന്ദ്രങ്ങളുണ്ടെങ്കിലും സ്പെഷാലിറ്റി ചികിത്സകൾക്കു സമീപജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കണം. പലപ്പോഴും ഇതു ജീവൻ നഷ്ടപ്പെടാനും ഇടയാക്കുന്നു.