സ്വകാര്യബസ് പ്രതിസന്ധി: സർക്കാർ ഇടപെടണമെന്നു ഫെഡറേഷൻ
1299851
Sunday, June 4, 2023 6:42 AM IST
തൊടുപുഴ: ബസ് ഓപ്പറേറ്റർമാരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് സർവീസ് മുടക്കിയുള്ള സമരം ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഉപേക്ഷിച്ചതായും ഗാന്ധിയൻ സമര മാർഗത്തിലേക്ക് ഫെഡറേഷൻ കടന്നതായും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ നാളെ മുതൽ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. നിരാഹാരസമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ദീർഘകാലമായി സർവീസ് നടത്തിവരുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ യഥാസമയം പക്കാ പെർമിറ്റായി പുതുക്കി നൽകുക, ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ ഇല്ലാതാക്കിയുള്ള 2023 മേയ് നാലിലെ നോട്ടിഫിക്കേഷൻ പിൻവലിക്കുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, കഐസ്ആർടിസിയിലും സ്വകാര്യ ബസുകളിലേതുപോലെ സ്പോട്ട് ടിക്കറ്റിംഗ് സന്പ്രദായം നടപ്പാക്കുക, ബസ് വ്യവസായം നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നേരത്തെ 34000 സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് മാറി വന്ന സർക്കാരുകളുടെ തെറ്റായ നയം മൂലം 7000 ത്തോളം ബസുകൾ മാത്രമാണുള്ളത്.
ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി പിടിച്ചെടുക്കാൻ സർക്കാർ പുറത്തിറക്കിയ നോട്ടിഫിക്കേഷൻ നടപ്പാക്കുകയാണെങ്കിൽ സ്വകാര്യ ബസ് സർവീസ് പൂർണമായും നിരത്തൊഴിയുമെന്ന കാര്യം ഉറപ്പാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
സംസ്ഥാനത്ത് പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യുന്നവരിൽ 80 ശതമാനത്തിലധികം യാത്രക്കാരും ആശ്രയിക്കുന്നത് സ്വകാര്യബസുകളെയാണ്. യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ബുദ്ധിമുട്ടുകൾ മാനിച്ചാണ് സർവീസ് മുടക്കിയുള്ള സമരത്തിൽ നിന്ന് ഫെഡറേഷൻ പിൻമാറുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.കെ.അജിത്കുമാർ, വൈസ് പ്രസിഡന്റ് കെ.എം.സലീം, ട്രഷറർ പി.എം.ജോർജ്, സെൻട്രൽ കമ്മിറ്റിയംഗം ജോബി മാത്യു എന്നിവർ പങ്കെടുത്തു.