ജനങ്ങള്ക്കെതിരേയുള്ള കരിനിയമങ്ങൾ മാറ്റി എഴുതണം: മാർ ജോണ് നെല്ലിക്കുന്നേൽ
1280829
Saturday, March 25, 2023 10:31 PM IST
അടിമാലി: ജില്ലയിലെ ഭൂപ്രശ്നം ഉൾപ്പെടെയുള്ള കരിനിയമങ്ങൾ അടിയന്തരമായി മാറ്റി എഴുതണമെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ് നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു. അടിമാലിയിൽ കത്തോലിക്ക കോണ്ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവികൾ ജനവാസമേഖലകളിൽ ഇറങ്ങുന്നത് തടയുന്നതിനുള്ള അടിയന്തര നടപടി ഉണ്ടാകണം. ഇടുക്കിയിലെ ജനങ്ങൾ പേടിച്ചാണ് ജീവിക്കുന്നത്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഭയന്നാണ് ഇവിടെയെത്തുന്നത്. ഇതെല്ലാം ജില്ലയിലെ ജനങ്ങളുടെ ഉപജീവനംതന്നെ തകർക്കുമെന്ന് മാർ നെല്ലിക്കുന്നേൽ ചൂണ്ടിക്കാട്ടി.
ചിന്നക്കനാൽ, ശാന്തന്പാറ മേഖലയിൽ ഓട്ടേറെപ്പേരുടെ മരണത്തിനിടയാക്കുകയും വീടുകളും കൃഷികളും നശിപ്പിക്കുകയും ചെയ്യുന്ന അരിക്കൊന്പനെന്ന കാട്ടാനയെ പിടിക്കാതിരിക്കാൻ ഹൈക്കോടതിയിൽ കേസ് നൽകിയ വിഷയത്തിൽ കോടതി ഇടപെടൽ സങ്കടകരവും ജനങ്ങൾക്ക് ദ്രോഹകരവുമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കുമുണ്ടെന്നും ബിഷപ് പറഞ്ഞു.
കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ച, കുരുമുളക്, ഏലം, റബർ പോലുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വിലത്തകർച്ച തുടങ്ങിയ ദുരിതങ്ങളിൽനിന്ന് കർഷകരെ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബിജു. പറയന്നിലം ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്ഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ വിഷയാവതരണം നടത്തി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറന്പിൽ, കോതമംഗലം രൂപത ഡയറക്ടർ ഫാ. തോമസ് ചെറു പറന്പിൽ, ഇടുക്കി രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, എറണാകുളം രൂപത പ്രസിഡന്റ് ഫ്രാൻസിസ് മൂലൻ, കോതമംഗലം രൂപത പ്രസിഡന്റ് ജോസ് പുതിയേടം, ഇടുക്കി രൂപത ജനറൽ സെ ക്രട്ടറി സിജോ ഇലന്തൂർ, ജോണ് മുണ്ടൻകാവിൽ, ഫാ. ജിൻസ് കാരക്കാട്ട്, ബേബി കൊടകല്ലിൽ, പ്രഫ. ജോസുകുട്ടി ജെ. ഒഴുകയിൽ, കെസിവൈഎം രൂപത പ്രസിഡന്റ് ജെറിൻ പട്ടാംകുളം, അടിമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ. ബേബി, ആഗ്നസ് ബേബി, റിൻസി ടോമി, യൂത്ത് കോ-ഓർഡിനേ റ്റർ സാബു കുന്നുംപുറം, തോമസ് മാടവന, വർഗീസ് പീറ്റർ കാക്കനാട് തുടങ്ങിയവർ പ്രസംഗിച്ചു.
വന്യജീവി ആക്രമണത്തിനു ശാശ്വത പരിഹാരം അടിയന്തരമായി കണ്ടെത്തുക, കപട പ്രകൃതിസ്നേഹികളും മൃഗസ്നേഹികളും ഉയർത്തുന്ന പ്രതിസന്ധിക്കും നിയമ പോരാട്ടങ്ങൾക്കും മുന്പിൽ തോറ്റുകൊടുക്കുന്ന സംസ്ഥാന സർക്കാർ നിലപാടുകൾ തിരുത്തുക, 1964ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി നിർമാണനിരോധനം പൂർണമായി പിൻവലിക്കുക, സർക്കാർ വഗ്ദാനങ്ങൾ നടപ്പിലാക്കുക, ഇടുക്കിയെ വനമാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ജ്വാല നടത്തിയത്.