‘തോപ്രാംകുടി’യിൽ തർക്കം; പുലിയെന്നു വനംവകുപ്പ്; കടുവയെന്ന് വെറ്ററിനറി സർജൻ
1279675
Tuesday, March 21, 2023 10:39 PM IST
ചെറുതോണി: നാട്ടിലിറങ്ങിയ വന്യമൃഗത്തിന്റെ ജനുസിനെച്ചൊല്ലി തർക്കം. തോപ്രാംകുടിയിൽ ആടിനെ ആക്രമിച്ചത് കടുവയാണെന്നു സ്ഥലത്ത് പരിശോധന നടത്തിയ വെറ്ററിനറി സർജൻ പറയുന്പോൾ അത് അംഗീകരിക്കാൻ വനംവകുപ്പ് തയാറാകുന്നില്ല. പുലിവർഗത്തിൽപ്പെട്ട മൃഗമാണെന്നാണു വനംവകുപ്പിന്റെ കണ്ടെത്തൽ. കാട്ടിലെ മൃഗങ്ങളുടെ അധികാരി വനംവകുപ്പാണല്ലോ.
സാധനം പുലിയാണെങ്കിലും കടുവ ആണെങ്കിലും വന്യമൃഗമാണെന്നു രണ്ടു കൂട്ടരും സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടുകാർക്കിതു രണ്ടും മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുകയും കൊന്നുതിന്നുകയും ചെയ്യുന്ന ഹിംസ്രജീവി തന്നെയാണ്. ഒന്നിനു ദേഹത്തു വരയും മറ്റൊന്നിനു ദേഹത്ത് പുള്ളിയുമാണെന്ന വ്യത്യാസമേ നാട്ടുകാർക്കറിയൂ.
പുലിയാണങ്കിലും കടുവയാണെങ്കിലും അതിനെ പിടികൂടുകയോ കാട്ടിലേക്കു തുരത്തുകയോ വേണം. അതിനു തയാറാകാതെ തർക്കം പറഞ്ഞ് നാട്ടുകാരെ കബളിപ്പിച്ച് കാലം കഴിച്ചാൽ മൃഗം ഏതായാലും മനുഷ്യരുടെ കാലം കഴിക്കും.
പുലിവർഗത്തിൽപ്പെട്ട മൃഗമാണെന്നു വനംവകുപ്പ് പറയുന്പോൾ ഏതു വർഗമാണെന്നു പറയാൻ വനംവകുപ്പിനു കഴിയുന്നില്ല. നാട്ടുകാർ കേട്ടിരിക്കുന്നത് പുള്ളിപ്പുലി, പൂച്ചപ്പുലി, ചീറ്റപ്പുലി വർഗങ്ങളെക്കുറിച്ചാണ്. ചീറ്റപ്പുലി ഇവിടെയെത്താൻ സമയമായിട്ടില്ലെന്നാണ് നാട്ടുകാരുടെ വിശ്വാസം. പൂച്ചപ്പുലിയുടെ കാൽപ്പാടുകൾക്ക് നാട്ടിൽ കണ്ട കാൽപ്പാടുകളുടെ അത്രയും വലുപ്പമില്ലെന്നാണ് നാട്ടുകാരുടെ നിഗമനം.
പിന്നെ പുലിയാണെങ്കിലും കടുവയാണെങ്കിലും മനുഷ്യരെ കിട്ടിയാൽ തിന്നും. കൊന്നതിനുശേഷം പിന്നെ വന്നു തിന്നുന്നതും ചൂടോടെ തിന്നുന്നതും തമ്മിലുള്ള വ്യത്യാസമേ ഇവ തമ്മിലുള്ളൂ.
തോപ്രാംകുടിയിൽ കണ്ട കാൽപ്പാടുകളെക്കുറിച്ചാണ് തർക്കം നടക്കുന്നത്. അതിനു മുന്പ് ഇരട്ടയാറിലും വാഴവരയിലും മറ്റും കണ്ട കാൽപ്പാടുകളെക്കുറിച്ച് തർക്കമില്ല. പുലിയാണെങ്കിലും കടുവയാണെങ്കിലും ഇവ എങ്ങനെ ഇവിടയെത്തി എന്നതിനെക്കുറിച്ച് തർക്കം പോയിട്ട് ചർച്ചപോലുമില്ല. വളർത്തുമൃഗങ്ങളുടേതല്ലാത്ത കാൽപ്പാടുകൾ ഈ പ്രദേശങ്ങളിൽനിന്നെല്ലാം കണ്ടെത്തിയിട്ടുണ്ട്. ഒരു മൃഗമാണ് ഹൈറേഞ്ചു മുഴുവൻ ചുറ്റി നടക്കുന്നതെന്നു സമ്മതിച്ചാൽപോലും വന്യമൃഗം നാട്ടിലുണ്ടെന്നു വ്യക്തമാണ്. മൃഗത്തിന്റെ കഴുത്തിൽ കോളർ ഘടിപ്പിച്ചിട്ടില്ലാത്തിനാൽ ഇതിന്റെ യാത്ര കണ്ടെത്താൻ വനംവകുപ്പിനു കഴിയുന്നില്ലെന്നതാണ് നാട്ടുകാരെ കുഴപ്പിക്കുന്നത്.
തോപ്രാംകുടിയിൽ കടുവയുടെ സാന്നിധ്യം ഉറപ്പിക്കുന്നതായിരുന്നു ആടിനെ പരിശോധിച്ച വെറ്ററിനറി ഡോക്ടറുടെ കണ്ടെത്തൽ. വെറ്ററിനറി ഡോക്ടറുടെ വാദങ്ങൾ തള്ളുകയാണ് വനംവകുപ്പ് .
വാത്തിക്കുടിയിൽ എത്തിയ വന്യമൃഗം പുലിവർഗത്തിൽപ്പെട്ടതാണെന്ന് അയ്യപ്പൻകോവിൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ആർ. കണ്ണൻ പറഞ്ഞു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോത്സന ജിന്റോയുടെ ആടിനെയാണ് വന്യജീവി ആക്രമിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് ആടിനുനേരെ ആക്രമണമുണ്ടായത്. കൂടാതെ, ഈ സമയം ജോത്സനയുടെ മകൾ കടുവയെ കണ്ടതായും പറയുന്നുണ്ട്. വന്യജീവിയുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ തോപ്രാംകുടിയിൽനിന്നു കണ്ടെത്തിയിട്ടുണ്ട്.