കണക്കിലെ കുട്ടിപ്പുലികളാണ് അനന്ദലക്ഷ്മിയും ഹരികൃഷ്ണനും
1265128
Sunday, February 5, 2023 10:06 PM IST
കട്ടപ്പന: കണക്കിലെ കുട്ടിപ്പുലികളായി മന്നം മെമ്മോറിയൽ സ്കൂളിലെ അനന്ദലക്ഷ്മിയും ഹരികൃഷ്ണനും. വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി നടത്തുന്ന ന്യൂമാറ്റ്സ് പരിശീലന പദ്ധതിയിൽ നരിയന്പാറ മന്നം മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥികളായ ഇരുവരും ഉയർന്ന റാങ്ക് നേടി.
ഏതു വിഷമം പിടിച്ച കണക്കുകളാണെങ്കിലും ഇവരുടെ അടുത്ത് എത്തിയാൽ നിഷ്പ്രഭമാകും. കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും ആനന്ദലക്ഷ്മിക്കും ആർ. ഹരികൃഷ്ണനും മിനിട്ടുകൾ മതി.
കഴിഞ്ഞ നവംബറിലാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള ന്യൂമാറ്റ്സ് എൻട്രൻസ് പരീക്ഷ തൊടുപുഴയിൽ നടത്തിയത്. ഉയർന്ന മാർക്കോടെ ഇരുവരും പരീക്ഷയിൽ വിജയിച്ചു .ഇടുക്കിയിൽനിന്നു അഞ്ചു വിദ്യാർഥികളാണു തെരഞ്ഞെടുക്കപ്പെട്ടത്.
അടുത്ത ഏപ്രിൽ, മേയ് മാസങ്ങളിലായി 15 ദിവസം തിരുവനന്തപുരത്ത് ഇവർക്ക് ഗണിത ശാസ്ത്രഞ്ജർ പരിശീലനം നൽകും. പരിശീലനം പ്ലസ് ടു വരെ തുടരും. കാഞ്ചിയാർ പള്ളിക്കവല കുറ്റ്യാത്ത് സുരേഷ് -അനുപമ ദമ്പതികളുടെ മകളായ അനന്ദലക്ഷ്മി ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. നരിയംപാറ പറയൻപറമ്പിൽ രാജേഷ് -ബിന്ദു ദമ്പതികളുടെ മകനായ ഹരികൃഷ്ണൻ എട്ടാം ക്ലാസ് പഠിതാവാണ്. അനന്ദലക്ഷ്മിയുടെ പിതാവ് സുരേഷും ഹരിയുടെ മാതാവ് ബിന്ദുവും ഇതേ സ്കൂളിലെ അധ്യാപകരുമാണ്.