ഓൾ കേരള പ്രഥമ ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് തൊടുപുഴയിൽ
1246631
Wednesday, December 7, 2022 10:57 PM IST
തൊടുപുഴ: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൾ കേരള പ്രഥമ ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ്ജെസിഎൽ 2022 ഈ മാസം 20നും 21നും നടക്കുമെന്നു സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത, ജനറൽ സെക്രട്ടറി ആർ.കിരണ്‍ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർക്കാരിന്റെ ലഹരി വിരുദ്ധ കാന്പയിനുമായി സഹകരിച്ചാണ് മത്സരം. ഇടുക്കി പ്രസ്ക്ലബ് ആതിഥേയത്വം വഹിക്കും. ഒരു ലക്ഷം രൂപയും അൽഅസ്ഹർ ഗ്രൂപ്പ് സ്പോണ്സർ ചെയ്യുന്ന അൽഅസ്ഹർ കപ്പുമാണ് ചാന്പ്യൻടീമിനു നൽകുന്നത്. 50,000 രൂപയും ട്രോഫിയും റണ്ണേഴ്സ് അപ്പിനു നൽകും. മന്ത്രി എം.ബി.രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അകാലത്തിൽ അന്തരിച്ച മാധ്യമപ്രവർത്തകരായ സനിൽ ഫിലിപ്പ്, യു.എച്ച്. സിദ്ദിഖ്, എം.എസ്.സന്ദീപ്, സോളമൻ ജേക്കബ്, ജോമോൻ വി.സേവ്യർ തുടങ്ങിയവരുടെ മെമ്മോറിയൽ ട്രോഫിയും ഫെയർ പ്ലേ അവാർഡും നൽകും.
മത്സരത്തിൽ 300ഓളം മാധ്യമ പ്രവർത്തകർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ്, സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളിൽ, ട്രഷറർ വിൽസണ്‍ കളരിക്കൽ തുടങ്ങിയവരും പങ്കെടുത്തു.