പരാതി പറഞ്ഞു മടുത്തു; പരിമിതികളിൽ എരുമേലിയിലെ ഫയർഫോഴ്സ്
1245696
Sunday, December 4, 2022 10:24 PM IST
എരുമേലി: യൂണിറ്റിൽ അസൗകര്യങ്ങളും പരിമിതികളും മൂലം വലയുകയാണെന്ന് ശബരിമല തീർഥാടനകാല സേവനത്തിനായി പ്രവർത്തനം ആരംഭിച്ച അഗ്നിശമന സേനാ വിഭാഗം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എരുമേലിയിൽ സേവനത്തിന് എത്തിയത് 30 ഓളം പേരാണ്.
വൃത്തിയുള്ള ശുചിമുറിയും താമസ സൗകര്യവും ഇല്ലെന്നാണ് പരാതി. ഇക്കാര്യം പലതവണ അറിയിച്ചിട്ടും ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിച്ചില്ലെന്ന് ഇവർ പറയുന്നു. രണ്ട് ശുചിമുറികളാണ് ലഭിച്ചത്. ഇവ വൃത്തിഹീനമാണ്. 30 ഓളം പേർക്ക് താമസിക്കാനും ആകെ രണ്ട് മുറികളാണ് ലഭിച്ചത്. നിന്നുതിരിയാനിടമില്ലാത്ത സ്ഥിതിയിലാണ് മുറികൾ.
ദേവസ്വം ബോർഡ് വക പഴയ സ്കൂളിന്റെ മുറ്റത്താണ് ഫയർഫോഴ്സ് യുണിറ്റ് പ്രവർത്തിക്കുന്നത്. സീസൺ തുടങ്ങും മുമ്പ് പഞ്ചായത്ത് ഓഫിസിനു സമീപം ബിഎസ്എൻഎൽ ഓഫീസ് കെട്ടിടത്തിൽ ഫയർഫോഴ്സ് യുണിറ്റ് പ്രവർത്തിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അധികൃതർ തീരുമാനം മാറ്റി.
സീസണിൽ പതിവായി ഫയർഫോഴ്സ് പ്രവർത്തിക്കുന്ന ദേവസ്വം സ്കൂളിലേക്ക് ഇത്തവണയും ഫയർഫോഴ്സ് യൂണിറ്റ് പ്രവർത്തിപ്പിച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം സ്ഥിരമായി ഫയർസ്റ്റേഷൻ 2012 ൽ എരുമേലിക്ക് അനുവദിച്ചതാണ്. ഇതിനായി കഴിഞ്ഞയിടെയാണ് ഓരുങ്കൽകടവിൽ സ്ഥലം കണ്ടെത്തിയത്.
എന്നാൽ ഈ സ്ഥലം പഞ്ചായത്ത് കൈമാറി ഇനിയും വിട്ടുനൽകിയിട്ടില്ല. ഇക്കാരണത്താൽ ഫയർഫോഴ്സിന് കെട്ടിടം നിർമിക്കാൻ അഗ്നിശമന സേനാവിഭാഗത്തിൽനിന്നു നേരത്തെ അനുവദിക്കപ്പെട്ട ഫണ്ട് നഷ്ടപ്പെട്ടു. സ്ഥലം കൈമാറിയിരുന്നെങ്കിൽ കെട്ടിടം നിർമാണം തുടങ്ങാൻ കഴിയുമായിരുന്നു.