പാറമട വിഷയത്തിൽ മെംബർമാർ മലക്കം മറിഞ്ഞു: ക്വാറി വിരുദ്ധസമിതി
1245433
Saturday, December 3, 2022 11:18 PM IST
കരിമണ്ണൂർ: പഞ്ചായത്തിലെ മുളപ്പുറം ഭാഗത്ത് പാറമടയ്ക്ക് പ്രവർത്തനാനുമതി നൽകുന്നതു സംബന്ധിച്ചുള്ള വിഷയത്തിൽ ചില പഞ്ചായത്ത് മെംബർമാർ നേരത്തെയുണ്ടായിരുന്ന നിലപാടിൽനിന്നു മലക്കംമറിഞ്ഞതായി ക്വാറി വിരുദ്ധ സമിതി ആരോപിച്ചു. പഞ്ചായത്ത് തന്നെ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം നാല് മെംബർമാർ ഒഴികെയുളള യുഡിഎഫ്-എൽഡിഎഫ് മെംബർമാർ പ്രശ്നത്തിൽ അനുകൂല നിലപാട് എടുത്തതിൽ അസ്വാഭാവികതയുണ്ടെന്നും സമിതി കുറ്റപ്പെടുത്തി. വിഷയത്തിൽ രാഷ്ട്രീയപാർട്ടികൾ മൗനം പാലിക്കുകയാണെന്നും ക്വാറി വിരുദ്ധ സമിതി കോ-ഓർഡിനേറ്റർ മനോജ് കോക്കാട്ട് പറഞ്ഞു. ലിയോ കുന്നപ്പിള്ളിൽ, എം.വി. ജോർജ് , ജോയി മാത്യു, റോയി പോൾ , സിജോ തോമസ്, കെ.വി.തങ്കച്ചൻ , ടി.വി.മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.