മലയോര ഹൈവെയുടെ തടസം നീങ്ങുന്നു; നിർമാണം ഉടനെന്ന് മന്ത്രി റോഷി
1225553
Wednesday, September 28, 2022 10:40 PM IST
ഉപ്പുതറ: ഭൂമി ഏറ്റെടുക്കുന്നതിലെ തടസങ്ങൾ നീക്കി കുട്ടിക്കാനം-പുളിയൻമലമലയോര ഹൈവേയുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇതിന്റെ ഭാഗമായി പൊതുമരാമത്തു സൂപ്രണ്ടിംഗ് എൻജിനിയറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലങ്ങൾ സന്ദർശിച്ചു.
ഭൂമി വിട്ടുനൽകുന്നതിൽ ഏതാനും വ്യക്തികൾ തടസം ഉന്നയിച്ചതിനാൽ ചപ്പാത്ത് - മേരികുളം റീച്ചിന്റെ നിർമാണം അനശ്ചിതത്വത്തിലായിരുന്നു. എസ്റ്റേറ്റുകാർ ഉൾപ്പടെ നാലു ഭൂ ഉടമകളാണ് സ്ഥലം വിട്ടുനൽകുന്നതിന് തടസം പറഞ്ഞത്. കുട്ടിക്കാനം-പുളിയൻമല മലയോര ഹൈവേക്ക് കിഫ്ബി 168 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2020 ഡിസംബർ 27ന് കുട്ടിക്കാനത്ത് തുടങ്ങിയ ഒന്നാംഘട്ട നിർമാണം ധൃതഗതിയിൽ പുരോഗമിക്കുകയാണ്.
റോഡിന്റെ വീതി കൂട്ടിയപ്പോൾ റോഡിനു നടുവിലായ 33 കെവി വൈദ്യുതി തൂണുകൾ മാറ്റുന്നതിൽ ഉണ്ടാകുന്ന കാലതാമസം മാത്രമാണ് നിലവിലുള്ള തടസം. ചപ്പാത്ത് -പുളിയന്മലയാണ് രണ്ടാം ഘട്ടം. ഇതിനിടയിലാണ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ചപ്പാത്ത് - മേരികുളം അഞ്ചു കിലോമീറ്ററിൽ ഏതാനും ഭാഗങ്ങളിൽ ഭൂമി ലഭിക്കുന്നതിൽ തടസം ഉണ്ടായത്. തടസം ഇല്ലാത്ത മേരികുളം-നരിയമ്പാറ 12.8 കിലോമീറ്ററിന് 56 കോടി രൂപയുടെ പാർട്ട് ടെൻഡർ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
ഭൂമി വിട്ടുനൽകുന്നതിന് തടസം ഉന്നയിച്ച എസ്റ്റേറ്റ് മാനേജ്മെന്റുമായും സ്വകാര്യ വ്യക്തികളുമായും ഒരുവട്ടംകൂടി ചർച്ച നടത്തുമെന്നും അനുകൂലമായില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിച്ച് ഭൂമി ഏറ്റെടുത്ത് നിർമാണം ഉടൻ തുടങ്ങുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.