പ്ലൈവുഡ് ഫാക്ടറികള്‍ തുടങ്ങാന്‍ നീക്കം; ആശങ്കയോടെ ജനം
1478256
Monday, November 11, 2024 5:56 AM IST
പാലാ: മീനച്ചില്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ പ്ലൈവുഡ് ഫാക്ടറികള്‍ തുടങ്ങാന്‍ നീക്കം നടത്തുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. പെരുമ്പാവൂരില്‍ ചുവടുറപ്പിച്ചിട്ടുള്ള പ്ലൈവുഡ് സ്ഥാപനങ്ങളാണ് താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥലം വാങ്ങിക്കൂട്ടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്ലൈവുഡ് ഫാക്ടറികള്‍ വരുന്നത് പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഭരണങ്ങാനം പഞ്ചായത്തില്‍ ഫാക്ടറിക്കെതിരേ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. മരങ്ങാട്ടുപിള്ളി, ഉഴവൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ മൂന്ന് ഫാക്ടറികള്‍ക്കായുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഫാക്ടറികള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടു തലപ്പലം പഞ്ചായത്ത് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു.
രാമപുരം, വെളിയന്നൂര്‍ പഞ്ചായത്തുകള്‍ അതിരിടുന്ന പൂവക്കുളത്ത് ജനവാസമേഖലയില്‍ കുന്നുകള്‍ ഇടിച്ചുനിരത്തി. പുതിയതായി വരുന്ന പ്ലൈവുഡ് ഫാക്ടറിക്കുവേണ്ടിയാണ് മലയുടെ ഒരുഭാഗം മുഴുവന്‍ ഇടിച്ചു നിരത്തിയത്.
ഇതുമൂലം പൂവക്കുളം, മേതിരി, നീറന്താനം ഭാഗത്തുകൂടി ഒഴുകുന്ന തോടിന്റെ ഉത്ഭവസ്ഥാനത്തുള്ള നീരുറവകളിലൂടെയുള്ള വെള്ളം ഒഴുകിപ്പോകാന്‍ സ്ഥലമില്ലാതെ കെട്ടിക്കിടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരേ ജനകീയ കൂട്ടായ്മ രൂപീകരിച്ച് സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് സമീപവാസികള്‍.
അതേസമയം, വ്യവസായ വകുപ്പില്‍നിന്നു വേണ്ട അനുമതിപത്രവുമായി വരുന്നവര്‍ക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്കാതിരിക്കാന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സാധിക്കില്ലെന്നും മറിച്ചായാല്‍ കോടതിയില്‍നിന്ന് ഇവര്‍ അനുമതി നേടുമെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.