സംസ്ഥാന വെറ്ററന്‍സ് കായികമേള കോട്ടയത്തിന് ചാമ്പ്യന്‍ഷിപ്പ്
1478243
Monday, November 11, 2024 5:46 AM IST
പാലാ: സംസ്ഥാന വെറ്ററന്‍സ് കായികമേളയില്‍ കോട്ടയം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 538 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 284 പോയിന്റോടെ തിരുവനന്തപുരം രണ്ടാം സ്ഥാനവും 193 പോയിന്റോടെ തൃശൂര്‍ മൂന്നാം സ്ഥാനവും നേടി.
വെറ്ററന്‍സ് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ കേരളയാണ് സംസ്ഥാന വെറ്ററന്‍സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. രണ്ടു ദിവസങ്ങളായി പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കായികമേളയില്‍ 500ല്‍പ്പരം പുരുഷ, വനിതാ കായികതാരങ്ങള്‍ വിവിധ വിഭാഗങ്ങളിലായി മത്സരിച്ചു.
പ്രഭാതനടത്ത കൂട്ടുകെട്ട് ട്രാക്കിലെത്തിച്ചു
പാലാ: പ്രഭാതനടത്ത കൂട്ടുകെട്ട് വള്ളിച്ചിറ സ്വദേശികളായ ടി.സി. പയസിനെയും സി.സി. സ്കറിയയെയും ട്രാക്കിലെത്തിച്ചു. അയല്‍ക്കാരായ രണ്ടു പേരും ചെറുപ്പംമുതല്‍ കായികരംഗത്ത് സജീവമാണ്. ദിവസേന രാവിലെയുള്ള പ്രഭാതനടത്തം ഇരുവരും മുടക്കാറില്ല. രണ്ടുപേരും കൃഷിക്കാരാണ്.
75 വയസ് കാറ്റഗറിയില്‍ മത്സരിച്ച സ്കറിയ 400 മീറ്ററില്‍ ഒന്നാം സ്ഥാനവും 200 മീറ്ററിലും ലോംഗ്ജംപിലും ട്രിപ്പിള്‍ ജംപിലും രണ്ടാം സ്ഥാനവും നേടി. 10-ാം തവണയാണ് വെറ്ററന്‍സ് മീറ്റില്‍ മത്സരിക്കാനെത്തുന്നത്.
മൂന്ന് തവണ ദേശീയ മീറ്റുകളിലും പങ്കെടുത്തിട്ടുണ്ട്. ടി.സി. പയസ് പങ്കെടുത്ത 5000 മീറ്റര്‍ നടത്തത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 1500 മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനത്തുമെത്തി.
ആറു സ്വര്‍ണ മെഡലുമായി ലിജോമോള്‍ തോമസ്
അതിരമ്പുഴ സ്വദേശിയും കോട്ടയത്ത് ലൈഫ് സ്റ്റൈല്‍ എന്ന സ്ഥപനത്തില്‍ ബ്യൂട്ടി അഡ്വൈസറുമായ ലിജോമോള്‍ ജോലിക്കിടയിലും മത്സരങ്ങള്ക്കെത്താന് സമയം കണ്ടെത്തുന്നു.
40 വയസ് കാറ്റഗറിയില്‍ മത്സരിച്ച 43 കാരിയായ ലിജോമോള്‍ 100, 200, 400, ലോംഗ്ജംപ്, റിലേ മത്സരങ്ങളില്‍ ഒന്നാമതെത്തി. ഭര്‍ത്താവും മൂന്നു മക്കളും ഉറച്ച പിന്തുണയുമായി കൂടെയുണ്ട്.
ബിനോയി തോമസ്
50 വയസിനു മുകളില്‍ പ്രായമുള്ളവരുടെ ഹാമര്‍ ത്രോ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ ബിനോയി തോമസ്. ഇടുക്കി ജില്ലയില്‍ വാഗമണ്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടറാണ്. സംസ്ഥാന പോലീസ് മീറ്റില്‍ സ്വര്‍ണ മെഡല്‍ ജേതാവും ഇന്റര്‍ നാഷണല്‍ മാസ്റ്റേഴ്സ് അത്ലറ്റുമാണ്.
സ്കറിയാ തോമസ്
രാമപുരം സ്വദേശി സ്കറിയ തോമസ് നിരവധി സിനിമകളില്‍ മുഖം കാണിച്ചയാളാണ്. 55 വയസ് കാറ്റഗറിയില്‍ 1500 മീറ്ററില്‍ മത്സരിച്ച് രണ്ടാമതെത്തി. സിനിമ അഭിനയത്തിനിടയിലും പരിശീലനത്തിനും സമയം കണ്ടെത്താറുണ്ട്.
ജിപ്സണ്‍ ജോയ്
35 വയസിന് മുകളില്‍ പ്രായമുള്ളവരുടെ മത്സരങ്ങളില്‍ 100 മീറ്റര്‍, ട്രിപ്പിള്‍ ജംപ്, ഷോട്ട് പുട്ട്, ലോംഗ് ജംപ് എല്ലാത്തിലും ഒന്നാം സ്ഥാനം നേടിയ ജിപ്സണ്‍ ജോയ്.
പ്രായത്തെ കൂട്ടുകൂടി തോല്‍പ്പിക്കാന്‍ ഇവര്‍
പൊന്‍കുന്നം സ്വദേശികളായ ആല്വിന് ജോസും ടി.ജി. വിനോദും അയല്‍ക്കാര്‍. ചെറുപ്പം മുതല്‍ സ്കൂള്‍ തലത്തിലും കോളജിലും കേരളോത്സവത്തിലും നിരവധി മത്സരങ്ങളില്‍ ഇവര്‍ ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്.
നാട്ടില്‍ നടക്കുന്ന കായികമേളകളിലെല്ലൊം നിറസാന്നിധ്യമാണ്. കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലിലെ ആംബുലന്‍സ് ഡ്രൈവറാണ് ആല്വിന്. ഓട്ടോ ഡ്രൈവറാണ് വിനോദ്. 35 വയസ് കാറ്റഗറിയില്‍ മത്സരിച്ച ആല്വിന് ലോംഗ്ജംപിലും ഹൈജംപിലും ഒന്നാം സ്ഥാനത്തെത്തി. റിലേയിലും ഒന്നാം സ്ഥാനമുണ്ട്.
വിനോദ് 45 വയസ് കാറ്റഗറിയിലാണ് മത്സരിച്ചത്. ലോംഗ്ജംപിലും ഹൈജംപിലും ജാവലിന്‍ ത്രോയിലും ഒന്നാം സ്ഥാനം നേടി. കൂടുതല്‍ ഉയരവും ദൂരവും കീഴടക്കാന്‍ ഇരുവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും സ്പോണ്‍സറെ കണ്ടെത്താനാവാത്തത് തടസമാകുന്നതായി ഇവര്‍ പറയുന്നു. ഇരുവരും ദേശീയ മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്.
കെ.എം. അഗസ്റ്റിന്
അന്ത്യാളം സ്വദേശി 76 കാരനായ കദളിക്കാട്ടില്‍ കെ.എം. അഗസ്റ്റിന് ആറാം തവണയാണ് വെറ്ററന്‍സ് മീറ്റില്‍ പങ്കെടുക്കുന്നത്. 75 വയസ് കാറ്റഗറിയിലാണ് മത്സരിച്ചത്. പങ്കെടുത്ത ജാവലിന്‍ ത്രോയിലും ഡിസ്കസ് ത്രോയിലും ഒന്നാമതെത്തി. ഷോട്ട് പുട്ടിലും ഹാമര്‍ ത്രോയിലും രണ്ടാം സ്ഥാനവും നേടി. സ്കൂള്‍തലം മുതല്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.