പോള പായൽ യന്ത്രഭാഗത്ത് കുടുങ്ങി യാത്രാബോട്ട് തകരാറിലായി കായലിൽ ഒഴുകി നടന്നു
1478330
Monday, November 11, 2024 7:14 AM IST
വൈക്കം: പോള പായൽ പ്രാപ്പല്ലറിൽ കുടങ്ങിയതിനെ തുടർന്ന് തകരാറിലായ യാത്രാബോട്ട് കായലിൽ ഒഴുകി നടന്നു. തുടർന്നു സോളാർ ബോട്ട് ആദിത്യയിൽ യാത്രക്കാരെ കയറ്റി കരയിലെത്തിച്ചു. തവണക്കടവിൽ നിന്ന് വൈക്കം ബോട്ടുജെട്ടിയിലേയ്ക്ക് യാത്രക്കാരുമായി വന്ന ജലഗതാഗത വകുപ്പിന്റെ A90 ബോട്ടാണ് ഇന്നലെ ഉച്ചയ്ക്ക് 3.10 ഓടെ തകരാറിലായത്. നിയന്ത്രണം വിട്ട ബോട്ട് വൈക്കം കായലോര ബീച്ചിന് സമീപത്തേക്ക് ഒഴുകിയെത്തി.
ബോട്ടിന്റെ യന്ത്രത്തിൽ കുടുങ്ങിയ പോളപായൽ നീക്കി അരമണിക്കൂറിനു ശേഷം ബോട്ട് സർവീസ് പുനരാരംഭിച്ചു. വേമ്പനാട്ടുകായലിൽ പോള പായൽ തിങ്ങിയതിനെ തുടർന്ന് വൈക്കം - തവണക്കടവ്, ചെമ്മനാകരി - മണപ്പുറം,നേരേകടവ് - മാക്കേക്കടവ്, പൂത്തോട്ട - പെരുമ്പളം ഫെറികളിൽ യാത്രാബോട്ടുകൾക്ക് യന്ത്ര തകരാറുണ്ടാകുന്നത് പതിവാകുകയാണ്.
പോള പായൽ വാരി നീക്കാൻ നടപടിയില്ലാത്തത് ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും തടസമാകുന്നു. പായൽ നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.