വിയറ്റ്നാമിലേക്ക് പറക്കാന്‍ ഗാഗ് ഫ്രൂട്ട് കൃഷിയുമായി സഹോദരങ്ങള്‍
1478246
Monday, November 11, 2024 5:46 AM IST
ബിജു ഇത്തിത്തറ
കടുത്തുരുത്തി: സ്വര്‍ഗത്തിലെ കനിയെന്നറിയപെടുന്ന ഗാഗ് ഫ്രൂട്ട് കൃഷിയില്‍ നൂറുമേനിയുമായി കുട്ടിക്കര്‍ഷകരായ സഹോദരങ്ങള്‍. മുട്ടുചിറ വാഴപ്പറമ്പില്‍ ടോമി മാത്യു-ബിന്‍ഷ ദമ്പതികളുടെ മക്കളും വിദ്യാര്‍ഥികളുമായ മാത്യു ജോസഫ്, ബെര്‍ണാഡ് ജോസഫ്, ജോഷ്വാ ജോസഫ് എന്നിവരാണ് വിജയഗാഥ രചിച്ചത്. വീടിനോട് ചേര്‍ന്നുള്ള 10 സെന്റ് പുരയിടത്തിലാണ് മൂവരും ചേര്‍ന്ന് ഗാഗ് കൃഷിത്തോട്ടം ഒരുക്കിയത്.
വിയറ്റ്നാമിലെ പ്രധാന കൃഷിയായ ഗാഗ് ഫ്രൂട്ട് വിളവെടുപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചു കുടുംബസമേതം ഗാഗ് ഫ്രൂട്ടിന്റെ നാടായ വിയറ്റ്നാമില്‍ പോകാനാണ് പദ്ധതിയെന്ന് കുട്ടിക്കര്‍ഷകര്‍ പറഞ്ഞു. വിറ്റാമിനുകളുടെ കലവറയായ ഗാഗ് ഫ്രൂട്ട് സ്വര്‍ഗത്തിലെ പഴം എന്നാണ് അറിയപ്പെടുന്നത്.
ഖത്തറിലെ ഓയില്‍ കമ്പനിയില്‍ ജീവനക്കാരനായ ടോമി രണ്ടു വര്‍ഷം മുമ്പാണ് ഗാഗ് ഫ്രൂട്ടിന്റെ 20 വിത്ത് വിദേശത്തുനിന്നു വീട്ടിലെത്തിച്ചത്. മക്കളുമായി ചേര്‍ന്ന് വിത്തു പാകി. ടോമി മടങ്ങിപ്പോയതോടെ കിളിര്‍ത്ത ചെടിയുടെ പരിചരണം മക്കള്‍ ഏറ്റെടുത്തു.
സുഹൃത്തിന്റെ നിര്‍ദേശാനുസരണം കൃഷിയുടെ കാര്യങ്ങള്‍ ടോമി മക്കള്‍ക്ക് പറഞ്ഞു കൊടുത്താണു ആദ്യവിളവെടുപ്പ് നടത്തിയത്. മൂന്ന് സെന്റില്‍ തുടങ്ങിയ കൃഷി വ്യാപിപ്പിക്കുകയായിരുന്നു.
ചെടിയില്‍ പൂവുകള്‍ വിരിഞ്ഞുകഴിയുമ്പോള്‍ കൃത്രിമ പരാഗണം നടത്തിയാണ് ഗാഗ് പഴങ്ങള്‍ ഉണ്ടാക്കുന്നത്. ഗാഗ് ഫ്രൂട്ട് പാകമാകാന്‍ രണ്ടു മാസമെടുക്കും. കായ്ക്കു പച്ചനിറമാണ്. മൂന്നാഴ്ച കഴിയുമ്പോള്‍ മഞ്ഞനിറത്തിലേക്കും 45 ദിവസം കഴിയുമ്പോള്‍ ഓറഞ്ച് നിറത്തിലേക്കു മാറും. ചുവന്ന നിറമാകുമ്പോള്‍ വിളവെടുക്കാറാകും. 600 ഗ്രാം മുതല്‍ ഒരു കിലോവരെ തൂക്കം പഴങ്ങള്ക്കുണ്ടാകും.
പഴമായും പച്ചക്കറിയായും ഉപയോഗിക്കാം. പഴം മുറിച്ചാല്‍ കടും ചുവപ്പാണ്. ജ്യൂസായും ഷെയ്ക്കായും സൂപ്പായും ഉപയോഗിക്കാം. കേക്കുണ്ടാക്കാനും ഗാഗ് പഴം ഉപയോഗപ്പെടുത്താം. ഒരു ചെടിയില്‍നിന്ന് വര്‍ഷം 50 മുതല്‍ 70 വരെ പഴങ്ങള്‍ ലഭിക്കുമെന്ന് കുട്ടിക്കര്‍ഷകര്‍ പറഞ്ഞു. പഴത്തിന് കിലോയ്ക്ക് 500 മുതല്‍ 1000 രൂപവരെ വിലയുണ്ട്. പാവല്‍, പടവലം പോലെ വള്ളിയായി വളര്‍ന്നു പന്തലിലൂടെ പടര്‍ന്നാണ് ചെടി വളരുന്നത്.
മാത്യു കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്ണിനും ബെര്‍ണാഡ് മുട്ടുചിറ ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസിലും ജോഷ്വ മുട്ടുചിറ സെന്റ് ആഗ്നസ് സ്കൂളില്‍ രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.