കുമാരനല്ലൂർ, ഏറ്റുമാനൂർ മേഖലകളിലെ മോഷണങ്ങൾ : കള്ളനെ കണ്ടെത്താനാകാതെ പോലീസ്
1478322
Monday, November 11, 2024 7:14 AM IST
കോട്ടയം: മോഷണങ്ങള്‍ വര്‍ധിച്ചതോടെ ഗാന്ധിനഗര്‍ പോലീസ് ജാഗ്രത നിര്‍ദേശം പുറത്തിറക്കിയെങ്കിലും കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരവധി മോഷണകേസുകളില്‍ പ്രതിയായ തമിഴ്നാട് സ്വദേശി പളനിസ്വാമി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പുറത്തിറങ്ങി കുമാരനല്ലൂരിലെത്തിയതായി പോലീസിനു വിവരം ലഭിച്ചതോടെയാണ് ഇയാളുടെ ഫോട്ടോ സഹിതം പോലീസ് ജാഗ്രത നിര്‍ദേശം പുറത്തിറക്കിയത്.
കുമാരനല്ലൂര്‍, സംക്രാന്തി, അടിച്ചിറ, ഏറ്റുമാനൂര്‍ മേഖലകളില്‍ അടുത്തനാളില്‍ മോഷണങ്ങളും മോഷണ ശ്രമങ്ങളും വര്‍ധിച്ചിരുന്നു. ഇതോടെ പോലീസ് രാത്രികാല പട്രോളിംഗ് ഉള്‍പ്പെടെ ശക്തിപ്പെടുത്തി. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ അരിച്ചുപെറുക്കിയിട്ടും പളനി സ്വാമിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസിന്റെ ജാഗ്രത നിര്‍ദേശം പുറത്തുവന്നതോടെ ഇയാള്‍ താവളം മാറ്റിയതായാണ് സൂചന.
പളനി സ്വാമിയുടെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസിനു വ്യക്തതയില്ല. സംഘത്തില്‍പ്പെട്ടവരുടെ സഹായത്തോടെയായിരിക്കാം ഇയാള്‍ താവളം മാറ്റിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
പകല്‍സമയങ്ങളില്‍ വേഷം മാറി ആക്രിപെറുക്കാനും മറ്റുമായി കറങ്ങിനടന്നു വീടുകള്‍ കണ്ടുവച്ചശേഷം രാത്രിയിലെത്തിയാണ് ഇയാൾ മോഷണം നടത്തുന്നത്. ഇതു മനസിലാക്കിയാണ് പോലീസ് ഇയാളുടെ ചിത്രം സഹിതം ജാഗ്രത നിര്‍ദേശം പുറത്തിറക്കിയത്.
പ്രദേശത്ത് മോഷ്ടാക്കള്‍ തമ്പടിക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു. ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.