എംജി യൂണിവേഴ്സിറ്റി നീന്തല്‍: എംഎ കോളജ് കോതമംഗലം മുന്നേറുന്നു
1478392
Tuesday, November 12, 2024 5:53 AM IST
പാലാ: പാലാ സെന്റ് തോമസ് കോളജില്‍ ഇന്നലെ ആരംഭിച്ച 41-ാമത് എംജി സര്‍വകലാശാല സ്വിമ്മിംഗ്, വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനം കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് പുരുഷ, വനിതാ വിഭാഗങ്ങളില്‍ മുന്നിട്ട് നില്ക്കുന്നു. പുരുഷ വിഭാഗത്തില്‍ 61 പോയിന്റുമായും വനിതാ വിഭാഗത്തില്‍ 58 പോയിന്റുമായാണ് എംഎ കോളജ് മുന്നേറുന്നത്.
പുരുഷ വിഭാഗത്തില്‍ പാലാ സെന്റ് തോമസ് കോളജ് 37 പോയിന്റോടെയും വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജ് 36 പോയിന്റോടെയും രണ്ടാം സ്ഥാനത്തുണ്ട്. വനിതാ വിഭാഗത്തില്‍ പാലാ സെന്റ് തോമസ് കോളജാണ് മൂന്നാം സ്ഥാനത്ത്.
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നായി 200 ഓളം പുരുഷ, വനിതാ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാലയെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പുരുഷ- വനിതാ സ്വിമ്മിംഗ് ടീമിന്റെയും പുരുഷ വിഭാഗം വാട്ടര്‍പോളോ ടീമിന്റെയും സെലക്ഷന് ഇന്നു നടത്തും.
ഇന്നലെ രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കാപ്പിലിപറമ്പില്‍, കായികവകുപ്പ് മേധാവി ആശിഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പാലാ സെന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിലെ സ്വിമ്മിംഗ് പൂളില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും.