പൈപ്പ് സ്ഥാപിച്ച കുഴി മൂടിയില്ല; വള്ളോത്ത്യാമല-പാലച്ചുവട് റോഡിൽ നരകയാത്ര
1478401
Tuesday, November 12, 2024 5:53 AM IST
പള്ളിക്കത്തോട്: ജല്‍ ജീവന് പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ച കുഴി മൂടിയില്ല, വള്ളോത്ത്യാമല-പാലച്ചുവട് വഴിയില്‍ നരകയാത്ര. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഗ്രാമീണ റോഡാണ് ജല്‍ ജീവന് പദ്ധതിയുടെ പേരില്‍ തകര്‍ത്തത്. പഞ്ചായത്ത് എട്ടാം വാര്‍ഡിലെ നിരവധി കുടുംബങ്ങളുടെ ആശ്രയമായ റോഡാണു തകര്‍ന്നു കിടക്കുന്നത്.
ദൈര്‍ഘ്യം കുറവാണെങ്കിലും മാറിമാറി ഭരിച്ച പഞ്ചായത്ത് ഭരണസമിതികള്‍ക്ക് ഇതുവരെ റോഡ് പൂര്‍ണമായി ടാര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചില ഭാഗങ്ങള്‍ കോണ്‍ക്രീറ്റും ചില ഭാഗങ്ങള്‍ ടാറിംഗും നടത്തിയിരുന്നുവെങ്കിലും ഇവിടം തകര്‍ന്നു തുടങ്ങിയിരുന്നു. ടാര്‍ ചെയ്യാത്ത ഭാഗങ്ങള്‍ വെള്ളക്കെട്ടാണ്. ഇതിനിടെയാണ്, രണ്ടു വര്‍ഷം മുമ്പ് ജല്‍ ജീവന് പദ്ധതിക്കായി റോഡ് കുഴിച്ചത്. കുഴിച്ച ഭാഗങ്ങളുടെ ടാറിംഗ് നടത്തിയിരുന്നില്ല.
പഞ്ചായത്തിലെ മിക്ക വഴികളും ഇത്തരത്തില്‍ തകര്‍ന്നതോടെ, പഞ്ചായത്ത് ഭരണസമിതി കോട്ടയത്ത് വാട്ടര്‍ അഥോറിറ്റി ഓഫീസിനു മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. മൂന്നു മാസം മുമ്പ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രണ്ടു മാസം മുമ്പ് വള്ളോത്യാമല-പാലച്ചുവട് റോഡിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങളോട് ചേര്‍ന്ന് പൈപ്പ് സ്ഥാപിച്ച ഭാഗങ്ങള്‍ വീണ്ടും കുഴിച്ചു മെറ്റില് നിരത്തി. രണ്ടാഴ്ചയ്ക്കു ശേഷം മെറ്റില് ഉറപ്പിക്കുകയും ചെയ്തു. കോണ്‍ക്രീറ്റ് മാത്രം ചെയ്തില്ല. ഇതിനിടെ പെയ്ത മഴയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലെ മെറ്റില് ഒഴുകിപ്പോകുകയും ചെയ്തു. റോഡിന്റെ പല ഭാഗങ്ങളും വലിയ കിടങ്ങായി മാറിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ രണ്ടടിയിലേറെ ആഴമുണ്ട്. വാഹനങ്ങള്‍ വന്നാല്‍, മാറിനില്ക്കാന് പോലും ഇപ്പോഴും വഴിയില്‍ ഇടമില്ല.
വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മണ്ണൊലിച്ച് പോയതോടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ ഇടിഞ്ഞു പോകുന്നതായും നാട്ടുകാര്‍ക്കു പരാതിയുണ്ട്. പഞ്ചായത്ത് അധികൃതരെ ഉള്‍പ്പെടെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ക്കു പരാതിയുണ്ട്.