പട്ടയ സർവേ ഇനി പാക്കാനത്തേക്ക്; ഒഴിവാകുന്നത് മൂന്നിരട്ടി നികുതി
1478250
Monday, November 11, 2024 5:46 AM IST
എരുമേലി: മലയോര പ്രദേശത്തും വനാതിർത്തിയിലുമായി കഴിയുന്നവർക്ക് പട്ടയം നൽകാൻ വേണ്ടി എരുമേലി തെക്ക് വില്ലേജിൽ പ്രത്യേകമായി ആരംഭിച്ച റവന്യുവകുപ്പിന്റെ ഭൂസർവേ ജോലികൾ ഇനി പാക്കാനം വാർഡിൽ. നാളെ ഇതിന് തുടക്കമാകും.
നിലവിൽ എലിവാലിക്കര, തുമരംപാറ വാർഡുകളിലെ സർവേ ജോലികൾ പൂർത്തിയായി. ഒപ്പം മഹസർ തയാറാക്കലും കഴിഞ്ഞു. എലിവാലിക്കര പ്രദേശത്തെ 750ലധികം കൈവശങ്ങളിലെ സർവേ നടപടികൾ ഇതിനോടകം പൂർത്തിയായി.
സെപ്റ്റംബർ 24നാണ് ഈ വാർഡുകളിൽ നാല് ടീമുകളായി 17 ഉദ്യോഗസ്ഥർ ഉൾപ്പെട്ട റവന്യു വിഭാഗം സ്പെഷൽ സർവേ സംഘത്തിന്റെ നേതൃത്വത്തിൽ സർവേ ജോലികൾ ആരംഭിച്ചത്. ഇത് വേഗത്തിൽ പൂർത്തിയാക്കാനായി. മുണ്ടക്കയത്ത് പുത്തൻചന്തയിൽ ഇതിനായി പ്രത്യേകം സ്പെഷൽ തഹസിൽദാർ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നു.
റവന്യു രേഖയിൽ ഹിൽമെന്റ് സെറ്റിൽമെന്റ് എന്ന പരാമർശം മൂലം സ്വന്തം ഭൂമിക്ക് പട്ടയം നിഷേധിക്കപ്പെട്ടവരാണ് മിക്കവരും. പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാത്തത് മൂലം സ്വന്തം വീടിനും കടയ്ക്കുമൊക്കെ മൂന്നിരട്ടി നികുതിയാണ് അടയ്ക്കേണ്ടി വന്നത്. പട്ടയം ലഭിക്കുന്നതോടെ ഇനി സാധാരണ നികുതിയാണ് ബാധകമാവുക.
ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന ആധികാരിക രേഖയായ പട്ടയം ഇല്ലാത്തതിനാൽ ഇതുവരെ അനധികൃത നിർമാണങ്ങളായാണ് പഞ്ചായത്ത് നികുതി രജിസ്റ്റർ പ്രകാരം ഈ മേഖലകളിലെ നിർമാണങ്ങൾ കണക്കാക്കിയിരുന്നത്. കുടുംബങ്ങൾക്ക് ഭവന നിർമാണം ഉൾപ്പടെ സർക്കാർ പദ്ധതി പ്രകാരമുള്ള ധനസഹായങ്ങൾ ലഭിക്കുന്നതിനും തടസം നേരിട്ടിരുന്നു. സ്ഥലങ്ങൾ വിൽക്കാനും ബാങ്ക് വായ്പ സ്വീകരിക്കാനുമൊക്കെ പട്ടയം ഇല്ലാത്തതു മൂലം സാധിച്ചിരുന്നില്ല. കൈവശ ഭൂമി ഉടമകളായ പതിനായിരത്തോളം പേർക്ക് ഈ സർവേ പൂർത്തിയാകുന്ന മുറയ്ക്ക് പട്ടയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2020 ജൂൺ രണ്ടിലെ സർക്കാർ ഉത്തരവിലൂടെയാണ് ഈ പ്രദേശങ്ങളിൽ പട്ടയം അനുവദിക്കുന്നതിന് നടപടികൾ ആദ്യം തുടങ്ങിയത്. എന്നാൽ, എഴായിരത്തോളം അപേക്ഷകൾ ലഭിച്ചിട്ടും തുടർ നടപടികളായിരുന്നില്ല. അതേസമയം 2010ൽ വനാവകാശ രേഖ ലഭിച്ചവരാണ് ഈ വില്ലേജുകളിലെ ആദിവാസി കുടുംബങ്ങൾ. ഇവർക്കും പട്ടയം ലഭിച്ചിരുന്നില്ല.
പഞ്ചായത്ത് വാർഡ് എട്ടിൽ വരുന്ന പാക്കാനം സെറ്റിൽമെന്റ് പ്രദേശത്ത് നാലു ടീമായാണ് നാളെ മുതൽ സർവേ പ്രവർത്തനങ്ങൾ ആരംഭിക്കുക. ആദ്യ ടീം പാക്കാനം ജംഗ്ഷനിൽനിന്നും കാരിശേരി റോഡിൽ കൊച്ചുകാനത്തിൽ ജയേഷ്, ജയ്മോൻ എന്നിവരുടെ ഭൂമിയിൽനിന്ന് സർവേ ആരംഭിക്കും. രണ്ടാമത്തെ ടീം പാക്കാനം ജംഗ്ഷനിൽനിന്നു കാരിശേരി റോഡിൽ റേഷൻ കടയ്ക്ക് സമീപത്തെ പുരയിടത്തിലും മൂന്നാമത്തെ ടീം പാക്കാനം-ഇഞ്ചക്കുഴി റോഡിൽ ഉറുമ്പിൽ പച്ചിയ്ക്കൽ വീട് ഭാഗത്തും നാലാമത്തെ ടീം പാക്കാനം-എരുമേലി റോഡിൽ തൈനിയിൽ ഭാഗത്തെ പുരയിടവും സമീപത്തുള്ള മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയും സർവേ ചെയ്യും.
ഒരു ബ്ലോക്ക് (ഏകദേശം 50 ഏക്കർ സ്ഥലം ) അളന്ന് സർവേ നടത്തിയ ശേഷമാണ് അടുത്ത ബ്ലോക്ക് തിരിച്ചു സർവേ നടത്തുന്നത്. സ്ഥലം ഉടമകൾ അതിരുകൾ തെളിച്ചിടണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കുടുംബ വസ്തുക്കൾ പലർക്കായി വീതം ചെയ്തിട്ടുണ്ടെങ്കിൽ അവ കൃത്യമായി തിരിച്ച് അതിർത്തിയിൽ അടയാളങ്ങൾ സ്ഥാപിക്കണമെന്നും അതിർത്തി ഇല്ലാത്ത വസ്തുക്കൾ യാതൊരു കാരണവശാലും സബ്ഡിവിഷൻ ചെയ്യുന്നതല്ലെന്നും ഇങ്ങനെയുള്ള സാഹചര്യത്തിൽ വ്യക്തമായ അതിർത്തി ഇല്ലാത്ത വസ്തുക്കൾ ഒന്നായി സർവേ ചെയ്യേണ്ടതായി വരുമെന്നും സർവേ സംഘം അറിയിച്ചു.