നീല ട്രോളി ബാഗും പി.പി. ദിവ്യയും സിപിഎം സമ്മേളനങ്ങളിലെ ചര്‍ച്ച
1478247
Monday, November 11, 2024 5:46 AM IST
കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചര്‍ച്ചയായ നീല ട്രോളി ബാഗ്, എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കണ്ണൂരിലെ വനിതാ നേതാവ് പി.പി. ദിവ്യ, രണ്ടാം പിണറായി സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേയുള്ള വിമര്‍ശനം തുടങ്ങിയ വിഷയങ്ങൾ സിപിഎമ്മിന്റെ ഏരിയാ സമ്മേളനങ്ങളില്‍ കത്തിക്കയറുന്നു.
പ്രതിനിധികള്‍ നേതാക്കള്‍ക്കു നേരേ ചോദ്യശരങ്ങളാണ് ഉയര്‍ത്തുന്നത്. സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ഏരിയാ സമ്മേളനങ്ങളിലാണു ചൂടേറിയ ചര്‍ച്ച. മുന്‍ സമ്മേളനങ്ങളിലൊന്നുമില്ലാത്ത വിധം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പേരെടുത്താണു പ്രതിനിധികളുടെ വിമര്‍ശനം.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലുണ്ടായ പാതിരാ റെയ്ഡും നീല ട്രോളി ബാഗു വിവാദവും കഴിഞ്ഞ ദിവസം നടന്ന ചങ്ങനാശേരി, അയര്‍ക്കുന്നം സമ്മേളനങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായി. പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ മാറ്റി മൂന്നാം നിര നേതാക്കളെ ഒന്നാം നിരയിലേക്കു കൊണ്ടുവന്നതാണു പ്രചാരണത്തില്‍ കൈപൊള്ളാനും ഇളിഭ്യരാകാനും കാരണമായതെന്നാണ് പ്രതിനിധികളുടെ വിമര്‍ശനം.
നേതാക്കളുടെ ധാര്‍ഷ്ട്യം വച്ചുപൊറുപ്പിക്കരുതെന്നും ഏതു വലിയ മരമായാലും പാര്‍ട്ടിക്കു നേരേ ചാഞ്ഞാല്‍ മുറിക്കണമെന്നുമാണു പി.പി. ദിവ്യക്കെതിരേയുള്ള ആരോപണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നത്.
രൂക്ഷവിമര്‍ശനങ്ങളാണ് സംസ്ഥാന സെക്രട്ടറിക്കെതിരേ ഉയര്‍ന്നത്. സെക്രട്ടറിയുടെ പ്രതികരണവും ശരീരഭാഷയും കമ്യൂണിസ്റ്റ് രീതിക്കു ചേര്‍ന്നതല്ല. കോടിയേരി ബാലകൃഷ്ണനെ മാതൃകയാക്കണമെന്നും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞു. മന്ത്രിമാരായ വീണാ ജോര്‍ജ്, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
മുഖ്യമന്ത്രിയുടെ പെരുമാറ്റവും പ്രവര്‍ത്തന ശൈലിയും പ്രതിനിധികള്‍ ചോദ്യം ചെയ്തു. മകള്ക്കെതിരേയുളള ആക്ഷേപങ്ങളും സര്‍ക്കാരിനെതിരേയുള്ള ആരോപണങ്ങളും ഉണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയുടെ മൗനം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണു വിമര്‍ശനം.
ഒരു സ്ഥലത്ത് മുഖ്യമന്ത്രി എത്തിയാല്‍ ആ സ്ഥലത്തുള്ളവര്‍ക്ക് പേടിയാണെന്നും അവിടെ ജനജീവിതം സ്തംഭിക്കുകയാണെന്നുമാണ് അയര്‍ക്കുന്നം ഏരിയാ സമ്മേളനത്തില്‍ ഒരു പ്രതിനിധി വിമര്‍ശിച്ചത് ജില്ലയുടെ പലഭാഗങ്ങളിലും സിപിഎമ്മിനെതിരേ സിപിഐ സ്വീകരിക്കുന്ന നിലപാടുകളും ചര്‍ച്ചയായി.
ജില്ലാ സമ്മേളനം പാമ്പാടിയില്‍ പിണറായിയും എം.വി. ഗോവിന്ദനും പങ്കെടുക്കും
കോട്ടയം: സിപിഎം ജില്ലാ സമ്മേളനം ജനുവരി രണ്ടു മുതല്‍ അഞ്ചു വരെ പാമ്പാടിയില്‍ നടക്കും. പ്രതിനിധി സമ്മേളനം മൂന്നിനു രാവിലെ 10ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യും.
കേന്ദ്രകമ്മിറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. അഞ്ചിനു വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പതാക, കൊടിമരജാഥകള്‍, സാംസ്കാരിക സമ്മേളനം, സെമിനാറുകള്‍, തൊഴിലാളി സംഗമം, വനിതാ സംഗമം, കലാകായിക മത്സരങ്ങള്‍, ചുവപ്പുസേനാ മാര്‍ച്ച്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവയാണ് സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.
ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം. രാധാകൃഷ്ണന് ചെയര്‍മാനും പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി. വര്‍ഗീസ് സെക്രട്ടറിയും ഇ.എസ്. സാബു ട്രഷററുമാണ്.
ഏരിയാ സെക്രട്ടറിമാര്‍ക്കു മാറ്റം
12 ഏരിയകളില്‍ പുതുപ്പള്ളി, വൈക്കം, വാഴൂര്‍, അയര്‍ക്കുന്നം, ചങ്ങനാശേരി സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. കാര്യമായ വിഭാഗീയത ഇല്ലെങ്കിലും ജില്ലയില്‍ ഔദ്യോഗിക നേതൃത്വത്തിനൊപ്പമാണ് 12 ഏരിയാ കമ്മിറ്റികളും. പുതുപ്പള്ളിയില്‍ സുഭാഷ് പി. വര്‍ഗീസും വാഴൂരില്‍ വി.ജി. ലാലും വീണ്ടും സെക്രട്ടറിമാരായി. വൈക്കത്ത് പി. ശശിധരനാണു പുതിയ സെക്രട്ടറി. ചങ്ങനാശേരിയില്‍ ടേം പൂര്‍ത്തിയാക്കിയ കെ.സി. ജോസഫിനു പകരം കെ.ഡി. സുഗതന് സെക്രട്ടറിയായി. അയര്‍ക്കുന്നത് പി.എന്‍. ബിനു തുടർന്നു.
പാലായില്‍ സജേഷ് ശശി, ഷാര്‍ളി മാത്യു എന്നിവരെയാണ് സെക്രട്ടറിമാരായി പരിഗണിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ഏരിയാ സെക്രട്ടറി കെ. രാജേഷിനെ ജില്ലാ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റും.
ഷമീം അഹമ്മദിനെയാണ് ഇവിടെ പരിഗണിക്കുന്നത്. തലയോപ്പറമ്പില് സി.എം. കുസുമന്‍, കോട്ടയത്ത് അജയന് കെ. മേനോന്, ഏറ്റുമാനൂരില്‍ എം.എസ്. സാനു, പൂഞ്ഞാറില്‍ കുര്യാക്കോസ് ജോസഫ്, കടുത്തുരുത്തിയില്‍ കെ. ജയകൃഷ്ണന് എന്നിവര്‍ സെക്രട്ടറിമാരായേക്കും.