ചാമപ്പാറ വളവിൽ അപകടം തുടർക്കഥ
1478254
Monday, November 11, 2024 5:56 AM IST
കൊടുകുത്തി: ദേശീയപാത 183ൽ കൊടുകുത്തിക്ക് സമീപം ചാമപ്പാറ വളവിൽ മതിയായ സുരക്ഷാക്രമികരണങ്ങൾ ഒരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ദേശീയപാതയിൽ കുമളിക്കും മുണ്ടക്കയത്തിനുമിടയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് കൊടുകുത്തിക്ക് സമീപത്തെ ചാമപ്പാറ വളവ്. ഇവിടെ ചെറുതും വലുതുമായ ഒട്ടനവധി അപകടങ്ങളിൽ പൊലിഞ്ഞത് നിരവധി ജീവനുകളും.
ഏതാനും വർഷം മുമ്പ് നിയന്ത്രണംവിട്ട് വാഹനം സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി വീടിന് സാരമായ കേടുപാട് സംഭവിച്ചിരുന്നു. വീട്ടിലുള്ളവർ അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സമാനമായ രീതിയിൽ മുൻവർഷങ്ങളിലും റോഡിന്റെ വശങ്ങളിലെ വീടുകൾക്ക് വാഹനാപകടത്തിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ അപകടങ്ങൾ ഒഴിവാക്കാൻ മതിയായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ ഇതുവരെ അധികൃതർ തയാറായിട്ടില്ല.
കൊടും വളവും റോഡിന്റെ വീതിക്കുറവുമാണ് ഇവിടെ അപകടങ്ങൾ വർധിപ്പിക്കുന്നത്. അപകടങ്ങൾ പതിവായതോടെ വർഷങ്ങൾക്കു മുമ്പ് റോഡിന്റെ വശത്ത് കരിങ്കല്ലുകൾ കൂട്ടിയിട്ട് സുരക്ഷ ഒരുക്കി. എന്നാൽ, പിന്നീട് ഇവിടെയുണ്ടായ വാഹന അപകടങ്ങളിൽ ഇത്തരത്തിൽ കൂട്ടിയിട്ട കരിങ്കല്ലുകളിൽ പകുതിയും സമീപത്തെ പുരയിടത്തിലേക്ക് പതിച്ചു.
ഇപ്പോൾ ഈ കരിങ്കല്ലൽ കൂട്ടം കാടും മൂടിയ നിലയിലാണ്. കൂടാതെ ഇവിടെ മുന്പ് സ്ഥാപിച്ചിരുന്ന അപകട മുന്നറിയിപ്പ് ബോർഡുകളും വാഹനമിടിച്ച് തകർത്തു. അപകടങ്ങൾ ഒഴിവാക്കാനായി വർഷങ്ങൾക്കു മുമ്പ് മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ കൊടും വളവിൽ സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചിരുന്നു. എന്നാൽ, ആറുമാസം പിന്നീട് മുമ്പ് ഇതിന്റെ പ്രവർത്തനം നിലച്ചു.
മണ്ഡല മകരവിളക്ക് തീർഥാടനകാലം ആരംഭിക്കുവാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് തീർഥാടന വാഹനങ്ങളാണ് ഓരോ ദിവസവും ഇതുവഴി കടന്നുപോകുന്നത്. വഴിപരിചയമില്ലാത്ത വാഹന ഡ്രൈവർമാർ ഇവിടെ അപകടത്തിൽപ്പെടാള്ള സാധ്യത ഏറെയാണ്.
പതിവായി അപകടങ്ങൾ സംഭവിക്കുന്ന ചാമപ്പാറ വളവിൽ റോഡിന്റെ വീതി കൂട്ടി വശങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതോടൊപ്പം വാഹന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുവാൻ സിഗ്നൽ ലൈറ്റ് അടക്കമുള്ളവ പ്രവർത്തനസജ്ജമാക്കിയാൽ ഇവിടെ പതിവായുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുവാൻ കഴിയും.