പാലായുടെ മുഖ്യസഹകാരി ബാബു മണര്‍കാട്ട് ഓര്‍മയായി
1478394
Tuesday, November 12, 2024 5:53 AM IST
പാലാ: പാലാ നഗരസഭാ മുന്‍ ചെയര്മാന് ബാബു മണര്‍കാട്ട് (78) ഓര്‍മയായി. കോണ്‍ഗ്രസിലൂടെ പൊതുപ്രവര്ത്തനത്തിലിറങ്ങിയ ബാബു 32-ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ നഗരപിതാവായി. പ്ലാന്ററും വ്യവസായിയും കെപിസിസി ട്രഷററും ആയിരുന്ന മണര്‍കാട്ട് പാപ്പന്റെ സഹോദരനാണ് ബാബു മണര്‍കാട്ട്. പാപ്പന്റെ കൈപിടിച്ചാണ് ബാബുവും പൊതുപ്രവര്‍ത്തനത്തിലെത്തിയത്.
1979 മുതല്‍ 83 വരെയാണ് നഗരസഭയുടെ ചെയര്‍മാന്‍പദവി വഹിച്ചത്. 1983ലെ കടുത്ത വരള്‍ച്ചക്കാലത്ത് തുള്ളി വെള്ളത്തിനായി ജനം നെട്ടോട്ടമോടിയ മാസങ്ങളില്‍ അഞ്ച് ലോറികളില്‍ നഗരസഭാപരിധിയില്‍ ഇദ്ദേഹം കുടിവെള്ളം എത്തിച്ചു. സമീപ പഞ്ചായത്തുകളിലും ഈ സേവനം ലഭ്യമാക്കി.
1980കളില്‍ പാലാ ഐടിഐ തുടങ്ങി. വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലും അദ്ദേഹത്തിന്റെ സംഭാവനയാണ്. പാലായിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവരെ പരമലക്കുന്ന്, നെല്ലിത്താനം എന്നിവിടങ്ങളില്‍ വീടുകള്‍ നിര്‍മിച്ചുനല്‍കി പുനരധിവസിപ്പിച്ചു. നഗരസഭയിലാദ്യമായി 81 കിലോമീറ്റര്‍ റോഡ് ടാറിംഗ് നടത്തിയതും ബാബു മണര്‍കാട്ടിന്റെ നേതൃത്വത്തിലായിരുന്നു. മികവ് കണക്കിലെടുത്ത് സംസ്ഥാനത്തെ മികച്ച മുനിസിപ്പാലിറ്റിയായി പാലാ തെരഞ്ഞെടുക്കപ്പെട്ടതും ഇതേ വേളയിലാണ്.
നിരവധി സാഹിത്യകാരന്മാരെയും നാടകകൃത്തുക്കളെയും സിനിമാപ്രവര്‍ത്തകരെയും പാലായിലെത്തിക്കാന് അദ്ദേഹത്തിനായി. മീനച്ചില്‍ ഫാസ് തുടങ്ങിയ സംഘടനകളുടെ തുടക്കവും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. എംഎംജെ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റിലൂടെ കേരളത്തിലെ കായികപ്രേമികളെ പാലായിലെത്തിക്കാന് ഇദ്ദേഹത്തിനും സഹോദരങ്ങള്‍ക്കുമായി.
സിവൈഎംഎല്‍ നാടകസമിതിയിലൂടെ അഭിനയരംഗത്തും തുടര്‍ന്ന് നാടകരംഗത്തും നിരവധി സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. 1978ല്‍ മണര്‍കാട്ട് തിയറ്റേഴ്സ് എന്ന പേരില്‍ രണ്ട് സിനിമാ തിയറ്ററുകള്‍ പാലായില്‍ ആരംഭിച്ചു. അക്കാലത്ത് സംസ്ഥാനത്തെ മികച്ച തിയറ്ററുകളുടെ നിരയിലായിരുന്നു മഹാറാണിയും യുവറാണിയും. 45 വര്‍ഷം പാലായുടെ സിംബലായിരുന്നു ഈ തിയറ്ററുകള്‍. കെ. കരുണാകരന് ഉള്‍പ്പെടെ നേതാക്കളുമായി ബാബുവിന് ആത്മബന്ധമായിരുന്നു. പാലായില്‍ ഇന്ദിരാഗാന്ധി പങ്കെടുത്ത ദീപിക ബാലസഖ്യത്തിന്റെ ലക്ഷം പുഷ്പമേളയുടെയും 1980ല്‍ ഇന്ദിരാഗാന്ധി പാലായിൽ എത്തിയ ഇലക്ഷന് പ്രചാരണത്തിന്റെയും മുഖ്യ സംഘാടകരിലൊരാളായിരുന്നു ബാബു.
പാലാ കുരിശുപള്ളിയുടെ നിര്‍മാണം 11 വര്‍ഷം മുടങ്ങിയപ്പോള്‍ പാപ്പനും ബാബുവും കുട്ടിച്ചനും നേരിട്ടിറങ്ങി നിര്‍മാണത്തിന് മേല്‍നോട്ടം നടത്തി. പണം സ്വരൂപിക്കാന്‍ യേശുദാസിന്റെ ഗാനമേള നടത്തി. കളക്ഷനായി ലഭിച്ച രൂപ കൈകാര്യച്ചെലവുപോലും എടുക്കാതെ കുരിശുപള്ളിയുടെ നിര്‍മാണത്തിനായി ചെലവഴിച്ചു.