വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും
1478329
Monday, November 11, 2024 7:14 AM IST
വൈക്കം: ദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉൽസവത്തിന് നാളെ കൊടിയേറും. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ എട്ടിനും 8.45 നും മധ്യേയാണ് കൊടിയേറ്റ്.
വെള്ളി വിളക്കുകളിലെ നെയ്തിരി ദീപങ്ങളും വാദ്യമേളങ്ങളും മുത്തുക്കുടകളും ഗജവീരൻമാരും കൊടിയേറ്റിന് മിഴിവേകും. കൊടിയേറ്റിന് ശേഷം കൊടിമരച്ചുവട്ടിലെ കെടാവിളക്കിലും കലാമണ്ഡപത്തിലും ദീപം തെളിയും.
കൊടിയേറ്റിനു ശേഷം നടക്കുന്ന ആദ്യ ശ്രീബലിക്കു ശേഷം സംയുക്ത കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അഹസിനുള്ള അരിയളക്കൽ നടത്തും. രാത്രി ഒന്പതിന് കൊടിപ്പുറത്തു വിളക്ക്. വൈക്കത്തഷ്ടമിക്ക് കൊടിയേറുന്നതോടെ 12 ദിനരാത്രങ്ങൾ ക്ഷേത്രനഗരി ഉത്സവ സാന്ദ്രമാകും. 23നാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്ത് അഷ്ടമി.
കൊടിയേറ്റ് അറിയിപ്പ് ഇന്ന്
വൈക്കം: വൈക്കം മഹാദേവേ ക്ഷേത്രത്തിലെ കൊടിയേറ്റ് അറിയിപ്പ് ഇന്ന് നടക്കും. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷംഅവകാശിയായ കിഴക്കേടത്ത് മൂസത് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആന പുറത്തെഴുന്നള്ളി ഉദയനാപുരം ക്ഷേത്രത്തിൽ കൊടിയേറ്ററിയിക്കും.
അരിയളക്കൽ നടത്തി
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിനു മുന്നോടിയായി തിങ്കളാഴ്ച നടക്കുന്ന വടയാർ സമൂഹത്തിന്റെ സന്ധ്യ വേലയുടെ ഭാഗമായ പ്രാതലിന്റെ അരി അളക്കൽ ക്ഷേത്രകല വറയിൽ നടന്നു.
എട്ടു പറയുടെ പ്രാതലാണ് ഇക്കുറി സമൂഹം നടത്തുന്നത്. തിങ്കളാഴ്ചസന്ധ്യ വേലയുടെ ആയിരം കുടം വഴിപാടിനുശേഷം വൈക്കത്തപ്പന് മാന്യസ്ഥാനത്ത് ഇലയിട്ട് വിളമ്പിയ ശേഷം ഊട്ടുപുരയിൽ ഭക്തർക്ക് പ്രാതലൂട്ട് നടത്തും.