കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ കപ്പാട് ഭാഗത്ത് വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കണം
1478251
Monday, November 11, 2024 5:46 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ കപ്പാട് ഭാഗത്ത് വാഹനങ്ങളുടെ അമിതവേഗം കുറയ്ക്കാനുള്ള ക്രമീകരണം നടത്തണമെന്ന ആവശ്യം ശക്തം. കപ്പാട് ഗവൺമെന്റ് സ്കൂളിലെ കുട്ടികളടക്കമുള്ളവർ റോഡ് മുറിച്ചുകടക്കുന്നത് ജീവൻ കൈയിൽപ്പിടിച്ചാണ്.
കപ്പാട് മുതൽ മൂന്നാംമൈൽ വരെ നേരേകിടക്കുന്ന പാതയിൽ വാഹനങ്ങളുടെ അമിതവേഗം പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. വേഗനിയന്ത്രണ സംവിധാനങ്ങൾ ഈ ഭാഗങ്ങളിൽ ഏർപ്പെടുത്തണമെന്ന് നിരവധിത്തവണ ആവശ്യപ്പെട്ടിടും അധികൃതർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
റോഡരികിൽ സ്കൂൾ അടക്കം സ്ഥിതിചെയ്യുന്ന പ്രദേശത്ത് വാഹനങ്ങൾ അപകടമുണ്ടാക്കുന്ന രീതിയിൽ മറ്റൊരു വാഹനത്തെ മറികടന്നു വരുന്നതും പതിവാണ്. മഴക്കാലത്ത് വേഗത്തിലെത്തുന്ന ബൈക്കുകൾ റോഡിൽ തെന്നി അപകടമുണ്ടാകുന്നത് സ്ഥിരം സംഭവമാണ്. കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് നിർമാണത്തിന്റെ ഭാഗമായി പാത ബിഎംബിസി നിലവാരത്തിൽ വീതികൂട്ടി നിർമിച്ചിരുന്നു.
എന്നാൽ, പലയിടങ്ങളിലും വളവുകൾ നിവർത്താത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. മഞ്ഞപ്പള്ളിക്കും കപ്പാടിനും ഇടയിലുള്ള വളവുകളിലും ആനക്കല്ല് ഗവൺമെന്റ് എൽപി സ്കൂൾ ഭാഗത്തുമാണ് അപകടം പതിവായിരിക്കുന്നത്. വളവുകൾക്ക് മുമ്പിലായി സൂചനാ ബോർഡുകളുണ്ടെങ്കിലും അമിത വേഗത്തിലെത്തുന്ന വാഹനങ്ങളാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്.