ജില്ലാ കൃഷിത്തോട്ടത്തിന്റെ അകംകാഴ്ചകൾ പുറംലോകത്തേക്കാൾ ദയനീയം
1478393
Tuesday, November 12, 2024 5:53 AM IST
കുറവിലങ്ങാട്: ജില്ലാ കൃഷിത്തോട്ടത്തിലെ അകംകാഴ്ചകൾ പുറത്തേക്കാൾ കഷ്ടം. കൃഷിത്തോട്ടത്തിലെ പച്ചിലപടർപ്പുകൾ നിറഞ്ഞ് വഴിയിലേക്ക് വ്യാപിച്ചതോടെയാണ് നിരീക്ഷകരുടെ കണ്ണുകൾ അകത്തേക്കും കയറിയത്. കൃഷിത്തോട്ടത്തിനകത്തെ പല കൃഷികളും പള്ളയും കാടും കയറിയ നിലയിലാണെന്ന് ചുറ്റുമതിലിനുള്ളിലേക്ക് കണ്ണോടിച്ചാൽ മനസിലാകും.
എംസി റോഡും കോഴാ കപ്പേള-മണ്ണയ്ക്കനാട് റോഡും സയൻസ് സിറ്റി- മണമ റോഡും അതിരുകൾ തീർക്കും വിധമാണ് കൃഷിത്തോട്ടത്തിന്റെ ഒരു ഭാഗത്തെ കാഴ്ച. മറുവശത്ത് പറക്കത്താനം ഭാഗവും എംസി റോഡിലേക്കുള്ള മുഖവുമാണ് ദൃശ്യമാകുന്നത്. എംസി റോഡിലേക്കുള്ള മുഖം മിനുക്കി മനോഹരമാക്കിയാണ് ജില്ലാ കൃഷിത്തോട്ടത്തിന്റെ നിൽപ്പ്.
ഫാമിനുള്ളിൽ കയറിയാൽ കെടുകാര്യസ്ഥതയുടെ അടയാളങ്ങളായി കുളങ്ങളും കെട്ടിടങ്ങളും ഏറെയാണ് കാത്തിരിക്കുന്നത്. ജലലഭ്യത ഉറപ്പാക്കാതെയുള്ള കിണർ നിർമാണവും വൈദ്യുതി പോലുമെത്തിക്കാതെ നശിക്കുന്ന കെട്ടിടങ്ങളും ഏറെയുണ്ട്. പലയിടങ്ങളിലും കൃഷികളടക്കം പച്ചിലപ്പടർപ്പുകൾ മൂടിയിട്ടുണ്ട്.
നാട്ടുകാരും വാഹനയാത്രക്കാരും കാണുന്നത് നാണക്കേടാണെന്ന് ബോധ്യപ്പെട്ടെങ്കിലും കാടുവെട്ടിത്തെളിച്ച് കാർഷികമേഖലയിൽ മാതൃകയാകണമെന്നാണ് ജനകീയ ആവശ്യം ഉയരുന്നത്.