കോട്ടയം: സംഭരിച്ച നെല്ലിന്റെ വില ഉടന്‍ നല്‍കുക, ഉഷ്ണതരംഗത്തില്‍ വിളനാശം സംഭവിച്ച നെല്‍കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക, സംഭരണത്തില്‍ അലംഭാവം കാണിക്കുന്ന മില്ലുകാര്ക്കെതിരേ നടപടിയെടുക്കുക, പ്രകൃതിദുരന്തം മൂലമുണ്ടാവുന്ന നിലവാരക്കുറവിന് കിഴിവ് പിടിക്കുന്ന നടപടി അവസാനിപ്പിക്കുക, കൈകാര്യച്ചെലവ് സര്‍ക്കാര്‍ വഹിക്കുക, സര്‍ക്കാരിന്റെ നെല്‍വിത്ത് വിതരണം നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നെല്‍കൃഷിയില്‍ പഠനം നടത്തിയ ബേബി കമ്മീഷനിലെ അശാസ്ത്രീയ നിര്‍ദേശങ്ങള്‍ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നെല്‍ കര്‍ഷക സംരക്ഷണ സമിതി കരിഞ്ഞുണങ്ങിയ കതിരുമായി കോട്ടയം സപ്ലൈകോ ഓഫീസിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തി.
സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. റജീന അഷ്റഫ് കാഞ്ഞിരം അധ്യക്ഷത വഹിച്ചു. കൃഷ്ണപ്രസാദ്, സാം ഈപ്പന്, സോണിച്ചന്‍ പുളിങ്കുന്ന്, പി.ആര്.സതീശന്, ലാലിച്ചന്‍ പള്ളിവാതുക്കല്‍, വേലായുധന് നായര്‍, കെ.ബി. മോഹനന്, മാത്യൂസ് കോട്ടയം, എന്‍. വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
എ.ജി. അജയന്, സന്തോഷ് പറമ്പിശേരി, അനിയന്‍കുഞ്ഞ്, മാത്യൂസ് കൈനടി, ജോഷി നെടുമുടി, ഷാജി മുടന്താഞ്ഞിലി, സിനു, അഷറഫ് കാഞ്ഞിരം, പി.കെ. വിജയന് തുടങ്ങിയവര്‍ നേതൃത്വം നല്കി.