ചെറുകിട മരവ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കണം: കെസിഎംവിഎ
1429251
Friday, June 14, 2024 5:51 AM IST
മലപ്പുറം: ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുകളായ ചെറുകിട മരവ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ചെറുകിട മരവ്യവസായ അസോസിയേഷന് സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
ഈ മേഖലയിലുള്ള ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ കൂടുതലും പരമ്പരാഗത കൈത്തൊഴില്‍ മേഖലയില്‍ നിന്ന് വന്നവരാണ്. ഇതില്‍ ഭൂരിപക്ഷ സ്ഥാപനങ്ങളും വീടിനോട് ചേര്‍ന്ന് ചെറിയ ഷെഡുകളിലോ വാടക കെട്ടിടങ്ങളിലോ ആണ് പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്ത് ആക്ട് പ്രകാരം നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്കും ഷെഡുകള്‍ക്കും ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് കെട്ടിടത്തിലേക്ക് പരമാവധി ഒന്നര മീറ്റര്‍ മാത്രമേ അകലം ഉണ്ടാവുകയുള്ളൂ. സെറ്റ്ബാക്ക് ദൂരപരിധി 10 മീറ്റര്‍ എന്നത് പാലിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയാതെ വരുന്നു.
ഇക്കാരണത്താല്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ സര്‍ട്ടിഫിക്ക് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നില്ല. ഇതില്ലാതെ ഇത്തരം സ്ഥാപങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാൻ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണെന്ന് നിവേദനത്തില്‍ പറഞ്ഞു.
ചെറുകിട, ഇടത്തരം,സൂക്ഷ്മ സ്ഥാപനങ്ങള്‍ എന്നിവയെ പ്രത്യേകം വിഭാഗങ്ങളാക്കി തിരിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റെ കെ. ജോഫി കുരിയന്‍ , സംസ്ഥാന സെക്രട്ടറി എം.പി. സധു , വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ, സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. വിഷയം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.