ഗാന്ധിനഗര്‍: കുവൈറ്റില്‍ കാല്‍നൂറ്റാണ്ടുകാലം നഴ്സായി ജോലി ചെയ്തു സമ്പാദിച്ച വസ്തുവില്നിന്ന് മൂന്നു സെന്റ് സ്ഥലം നഗരസഭാ ഒന്നാം വാര്‍ഡ് ഗാന്ധിനഗര്‍ നോര്‍ത്തില്‍ അങ്കണവാടി നിര്‍മിക്കാന്‍ വിട്ടു നല്കി നാട്ടുകാരുടെ പ്രിയപ്പെട്ട കുവൈറ്റ് ആന്റി മാതൃകയായി. വസ്തുവിന്റെ രേഖകള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനും നഗരസഭാംഗം സാബു മാത്യുവും ചേര്‍ന്നു നാട്ടുകാരോടൊപ്പം ഏറ്റുവാങ്ങി.
നഗരസഭ ഒന്നാം വാര്‍ഡിലെ നാല് അങ്കണവാടികളും വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. നഗരസഭാ കൗണ്‍സിലര്‍ സാബു മാത്യുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പന്ത്രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലം ഒന്നാം നമ്പര്‍ അങ്കണവാടിക്ക് സൗജന്യമായി നല്‍കാനുള്ള സന്നദ്ധത മുടിയൂര്‍ക്കര പുത്തന്കളീക്കല് ത്രേസ്യാമ്മ അറിയിച്ചത്.
നഗരസഭ നിര്‍മിക്കുന്ന കെട്ടിടം തന്റെ കുടുംബാംഗങ്ങളുടെ പേരില്‍ സമര്‍പ്പിക്കണമെന്നും പഠിക്കാനെത്തുന്ന കുട്ടികള്‍ നന്നായി പഠിക്കണമെന്നും മാത്രമാണ് വ്യവസ്ഥ. അങ്കണവാടിയിലെ കുട്ടികളും നാട്ടുകാരും ചേര്‍ന്നൊരുക്കിയ സമ്മേളനം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം സാബു മാത്യു, മുന്‍ ജനപ്രതിനിധികളായ റോസമ്മ ജോസ്, ദേവസ്യാച്ചന് ആറ്റുപുറം, ആലീസ് ജോസഫ്, മിനിരാജ്, കെ.എന്‍. അനില്‍കുമാര്‍, ജോണ്‍ ജേക്കബ്, സുകുമാരി മണി, സൂസന് ഏബ്രഹാം, സന്ധ്യാമോള്‍, സാഹിത്യരാജ്, സജിനി കെ. കെ., ആഷ സജീവ്, ജിഷ സനീഷ്, ലിസി ചാക്കോ, ത്രേസ്യാമ്മ പുത്തന്കളീക്കല് എന്നിവര്‍ പ്രസംഗിച്ചു.