പ്രാദേശിക ചരിത്രം പറയും ജില്ലാ വിജ്ഞാനീയം
1537541
Saturday, March 29, 2025 3:32 AM IST
പത്തനംതിട്ട: 1982ൽ മാത്രമാണ് പത്തനംതിട്ട ജില്ല രൂപീകൃതമായതെങ്കിലും അതിനപ്പുറത്തേക്കു കടന്നുകൊണ്ടുള്ള ചരിത്ര രചനയ്ക്കാണ് ജില്ലാ വിജ്ഞാനീയത്തിലൂടെ ജില്ലാ പഞ്ചായത്ത് ശ്രമിച്ചത്. ബിസി 500നും അപ്പുറത്തേക്കു നയിക്കുന്ന ചരിത്ര ശിലാസംസ്കാര കാലഘട്ടം മുതലുള്ള സൂചനകളിലൂടെ ചരിത്രത്തിന്റെ വഴി തേടാനുള്ള ശ്രമമാണ് ഇതിലുള്ളത്.
നാട്ടകങ്ങളിലെ ഗോത്രാധിപത്യ ഭരണസംവിധാനത്തിനിടയിൽ ഗോത്രത്തിനുള്ളിലും ഗോത്രങ്ങൾ തമ്മിലുമുണ്ടായ സംഘട്ടനങ്ങൾക്കും ഇതിൽ നിന്നുയർന്നുവന്ന നാടുവാഴിത്തത്തിനും രാജാധിപത്യത്തിനുമെല്ലാം നിലവിലെ പത്തനംതിട്ട ജില്ലയുടെ ഭൂപ്രദേശം ഉൾപ്പെടുന്ന മേഖലകൾ വേദിയായിട്ടുണ്ട്. ഭരണത്തിന്റെ തണലിലെ വെട്ടിപ്പിടിത്തങ്ങൾക്കും കീഴ്പെടുത്തലുകൾക്കും കൊള്ളയ്ക്കും കൊലയ്ക്കും എല്ലാം ഈ ഭൂപ്രദേശങ്ങൾ സാക്ഷ്യം വഹിച്ചു.
രാജവംശങ്ങൾ, ഭരണകേന്ദ്രങ്ങൾ, പൗരാണിക വസ്തുക്കൾ, ചെപ്പേടുകൾ, ശാസനങ്ങൾ തുടങ്ങി പഴയകാല ചരിത്രത്തിലേക്ക് ഒരു യാത്ര തന്നെയാണ് വിജ്ഞാനീയം നടത്തിയിട്ടുള്ളത്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ നിലനിന്ന ജാതി അടിമത്തം ജില്ലയിലെ പൂർവ ഭൂമികയിൽ ഒരു സാന്പത്തിക സാമൂഹിക ക്രമം തന്നെയായി അനുവർത്തിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോളം ഇത് വ്യത്യസ്ത രൂപങ്ങളിൽ ഉണ്ടായിരുന്നു. മല്ലപ്പള്ളി കേന്ദ്രീകരിച്ചു നടന്നുവന്ന അടിമ വ്യാപാരവും ഏറ്റവുമൊടുവിൽ അടിമയാക്കപ്പെട്ടയാളിന്റെ ചിത്രവുമെല്ലാം പ്രത്യേകമായി നൽകിയിട്ടുണ്ട്.
അടിമ വ്യാപാരത്തിനെതിരേ മല്ലപ്പള്ളിയിൽ റവ. ജോർജ് മാത്തൻ നടത്തിയ പോരാട്ടത്തിന്റെ വഴികളും വിജ്ഞാനീയം ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ വിവിധ കുടിയേറ്റങ്ങൾ, ചരിത്ര, സാംസ്കാരിക സ്മാരകങ്ങൾ എല്ലാം വിജ്ഞാനീയത്തിൽ ഇടം കണ്ടു. ദളിത് പോരാട്ടങ്ങൾക്കടക്കം ജില്ലയിൽ ലഭിച്ച പ്രാധാന്യവും എടുത്തുകാട്ടിയിട്ടുണ്ട്.
12 ശീർഷകങ്ങളിലാണ് വിവിധ മേഖലകൾ വിവരിച്ചിരിക്കുന്നത്. ഇതിലൂടെ ജില്ലയുടെ വിവരണം, ചരിത്രം, രാഷ്ട്രീയം, ഭരണം, പ്രവാസം, മതം - ആധ്യാത്മികത, നവോത്ഥാനം, സംസ്കാരം, സാഹിത്യം, കല, വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം, കായികം എന്നീ മേഖലകളിലെ ചരിത്രം വിശദമാക്കുന്നു. എല്ലാ മേഖലയിലെയും പ്രമുഖരെയും അവരുടെ സംഭാവനകളും ഗ്രന്ഥം വിശദമാക്കുന്നു. പ്രധാന ടൂറിസം കേന്ദ്രങ്ങളും ആരാധനാലയങ്ങളും തീർഥാടന കേന്ദ്രങ്ങളുമെല്ലാം വിശദീകരിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ചീഫ് എഡിറ്ററായ സമിതിയാണ് ഗ്രന്ഥം തയാറാക്കിയത്. ഡോ. എഴുമറ്റൂർ രാജരാജവർമ, ഡോ. ആറന്മുള ഹരിഹരപുത്രൻ, ഡോ. വർഗീസ് ജോർജ്, ഡോ. ജോസ് പാറക്കടവിൽ, ബന്യാമിൻ, പ്രഫ. മാലൂർ മുരളീധരൻ, പ്രഫ. എ.ടി. ളാത്തറ, ഡോ. ബിജു, ബാബു തോമസ്, ഏബ്രഹാം തടിയൂർ, സണ്ണി മർക്കോസ്, വി.കെ. രാജഗോപാൽ തുടങ്ങിയവർ ഉപദേശകസമിതിയംഗങ്ങളായി പ്രവർത്തിച്ചു. എല്ലാ മേഖലകളിലും ഉപസമിതികളും പ്രവർത്തിച്ചിരുന്നു.
രണ്ടുവർഷത്തോളം നീണ്ട ശ്രമത്തിനൊടുവിലാണ് വിജ്ഞാനീയം പുറത്തിറക്കുന്നത്. ഒന്പതു ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ഇതിനുവേണ്ടി ചെലവഴിച്ചത്. 2012ൽ ബാബു ജോർജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഭരണസമിതിയുടെ കാലയളവിൽ ഡോ. സജി ചാക്കോയുടെ നേതൃത്വത്തിൽ സാംസ്കാരിക ഡയറക്ടറി പുറത്തിറക്കിയിരുന്നു. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക ചരിത്രം കൂടി ഉൾപ്പെടുത്തിയാണ് അന്ന് ഈ ഡയറക്ടറി പുറത്തിറക്കിയത്.