തോപ്പിൽ രവി പൊതു പ്രവർത്തകർക്ക് മാതൃക: കൊടിക്കുന്നിൽ സുരേഷ്
1512432
Sunday, February 9, 2025 5:44 AM IST
കൊല്ലം: പൊതുപ്രവർത്തകർക്കിടയിൽ സമാനതകളില്ലാത്ത കർമശേഷി തെളിയിച്ച നേതാവായിരുന്നു തോപ്പിൽ രവിയെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി. തോപ്പിൽ രവിയുടെ 35ാം ചരമ വാർഷികം പബ്ലിക് ലൈബ്രറിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താനടക്കമുള്ള നവാഗതർക്ക് വഴികാട്ടിയും നല്ല മാതൃകയുമായിരുന്നു തോപ്പിൽ രവി. ആദർശ ശുദ്ധിയും സത്യസന്ധതയുമുള്ള നേതാവായിരുന്നു. ചെറുപ്പക്കാരെ ആവേശം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങളും കവിതകളുമാണ് വേറിട്ടു നിർത്തിയത്. എംഎൽഎ ഫണ്ടും മറ്റ് ഫണ്ടുകളും ഇല്ലാതിരുന്ന കാലത്താണ് കുണ്ടറ നിയോജക മണ്ഡലത്തിലെ മൺട്രോതുരുത്ത്, കിഴക്കേ കല്ലട പഞ്ചായത്തുകളിൽ അടിസ്ഥാന സൗകര്യ വികസനം എത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
തോപ്പിൽ രവി ഫൗണ്ടഷൻ ചെയർമാൻ അഡ്വ. എ. ഷാനവാസ്ഖാൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു തോപ്പിൽ രവി അനുസ്മരണ പ്രഭാഷണം നടത്തി. തോപ്പിൽ രവി ഫൗണ്ടഷൻ സാഹിത്യ പുരസ്കാരം കൊല്ലം സ്വദേശി ശ്യാം തറമേലിനു ബാബു കുഴിമറ്റം സമ്മാനിച്ചു. ഡോ. മുഞ്ഞിനാട് പത്മകുമാർ അവാർഡ് ജേതാവിനെയും കൃതിയെയും പരിചയപ്പെടുത്തി. സെക്രട്ടറി എസ്. സുധീശൻ, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, ഡോ. എം.ആർ തമ്പാൻ, സൂരജ് രവി എന്നിവർ പ്രസംഗിച്ചു.