അഞ്ചലിലെ എംഡിഎംഎ വേട്ട: അമ്മയും മകനും സുഹൃത്തും ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍
1512029
Friday, February 7, 2025 6:07 AM IST
അഞ്ചല്‍: അഞ്ചലില്‍ എംഡിഎംഎ വേട്ടയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ്. അമ്മയും മകനും സുഹൃത്തും ഉള്‍പ്പടെ മൂന്നുപേരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അലയമണ്‍ കണ്ണംകോട് തുമ്പിയില്‍ റോണക് വില്ലയില്‍ ലീന ജേക്കബ് (48), മകന് റോണാക്ക് സജു ജോർജ്, സുഹൃത്ത് ആലഞ്ചേരി കൃഷ്ണ വിലാസത്തില്‍ ആകാശ് (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പിടിയിലായ ലീനയുടെ ഡ്രൈവര്‍ കൂടിയായ പ്രദീപ് ചന്ദ്രനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇപ്പോള്‍ പിടിയിലായ ലീന ഉള്‍പ്പടെ മൂന്നുപേരെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് മൂവരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പ്രദീപിന് എംഡിഎംഎ കടത്താന്‍ സാമ്പത്തിക സഹായം ചെയ്തതും ഒളിവില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്കിയതും ലീനയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല പ്രതികളുടെ മയക്കുമരുന്ന് ഇടപാടിനെകുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലീനയ്ക്ക് അറിയാമായിരുന്നതായും ബംഗ്ലൂരില്‍ അനസ്തേഷ്യ ടെക്നീഷ്യന് വിദ്യാര്‍ഥിയായ മകന് റോണക് ആണ് പ്രധാന ഇടനിലക്കാരന് എന്നും പോലീസ് പറയുന്നു. ആകാശ് മയക്കുമരുന്ന് കടത്താന്‍ കൂട്ടുനിന്നതായി പോലീസ് കണ്ടെത്തി. റോണക്കിനെതിരെ കഞ്ചാവ് കൈവശം വച്ചതിന് അഞ്ചല്‍ എക്സൈസ് സംഘം മുമ്പ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ മൂവരെയും പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ പ്രതികള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരീഷ്, എസ്ഐ പ്രജീഷ്കുമാര് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ നവംബറിൽ അഞ്ചല്‍ ബൈപ്പാസില്‍ നടന്ന എംഡിഎംഎ വേട്ടയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴുള്ള പോലീസ് നടപടി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.