റിപ്പയർ കടയിൽ തീപിടിത്തം: നിരവധി ഫ്രിഡ്ജുകൾ കത്തി നശിച്ചു
1512028
Friday, February 7, 2025 6:07 AM IST
കൊട്ടിയം: ഫ്രിഡ്ജുകൾ റിപ്പയർ ചെയ്യുന്ന സ്ഥാപനത്തിൽ തീപിടിത്തം. സ്ഥാപനത്തിന് മുന്നിലും ഉള്ളിലുമായി വച്ചിരുന്ന നിരവധി ഫ്രിഡ്ജുകൾ കത്തി നശിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ കൊല്ലം - ആയൂർ സംസ്ഥാന പാതയ്ക്ക് അരികിൽ അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷനിൽപ്രദീപിന്റെ ഉടമസ്ഥതയിൽ ഉള്ള കൂൾ കെയർ എന്ന സ്ഥാപനത്തിലാണ്തീപിടിത്തം ഉണ്ടായത്.
ഓടിട്ട കടയുടെ മുകൾഭാഗവും കടയുടെ മുൻവശവും കത്തി നശിച്ചു. കടയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പരിസരവാസികൾ ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് കൊല്ലത്തു നിന്നും രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് സംഘം എത്തി തീയണക്കുകയായിരുന്നു.
കടയ്ക്ക് പുറത്ത് വച്ചിരുന്ന ഫ്രിഡ്ജുകൾക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് അകത്തേക്ക് പടരുകയായിരുന്നു. ഫയർഫോഴ്സ് സംഘം എത്തി കടയുടെ പൂട്ടു പൊളിച്ച് അകത്തേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.
അറ്റകുറ്റപ്പണിക്കായി എത്തിച്ച ഫ്രിഡ്ജുകളും അറ്റകുറ്റപ്പണി കഴിഞ്ഞ് വച്ചിരുന്ന ഫ്രിഡ്ജുകളും ആണ് കത്തി നശിച്ചത്. വഴിയാത്രക്കാർ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്.
കട ഉൾപ്പെടെ മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. തീപിടിത്തത്തെ തുടർന്ന് സംസ്ഥാന ഹൈവേയിലൂടെയുള്ള ഗതാഗതവും വഴിതിരിച്ചു വിട്ടിരുന്നു. തീപിടിത്ത വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ വൈദ്യുതി ഉദ്യോഗസ്ഥർ വൈദ്യുതി ലൈൻ ഓഫ് ചെയ്തത് വലിയ ദുരന്തം ഒഴിവാക്കി.