അടച്ചുറപ്പുള്ള വീടിനായി എഴുപതുകാരി പ്രഭാവതി കാത്തിരിക്കുന്നു
1459287
Sunday, October 6, 2024 5:30 AM IST
അഞ്ചല്‍: ഏരൂര്‍ പഞ്ചായത്തിലെ പാണയം വാര്‍ഡില്‍ പ്രഭ വിലാസത്തില്‍ എഴുപതുകാരി പ്രഭാവതി ഭയം കൂടാതെ അന്തി ഉറങ്ങാനുള്ള അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവുമായി അഞ്ച് വര്‍ഷമായി കാത്തിരിക്കുന്നു. 2019 ലാണ് പ്രഭാവതി വീടിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. ലൈഫ് പദ്ധതിയില്‍ അടക്കം ഉള്‍പ്പെടുത്താന്‍ തയാറാകാതെ വന്നതോടെ പ്രഭാവതി ജില്ലാ കളക്ടര്‍ക്ക് പരാതി നൽകി.
കളക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം വീട് പരിശോധിച്ച് അര്‍ഹയാണെന്ന് കണ്ടെത്തി. ഇതോടെ ലൈഫ് പദ്ധതിയില്‍ ഇടം നേടി. പക്ഷേ നാളിതുവരെ വീട് ലഭിച്ചിട്ടില്ല.
ഏത് നിമിഷവും നിലം പൊത്തിയേക്കാവുന്ന വീടിനുള്ളില്‍ ഒറ്റയ്ക്കാണ് താമസം. പൊട്ടിപ്പൊളിഞ്ഞ ഭിത്തികളും ഒടിഞ്ഞു തൂങ്ങിയ മേല്‍ക്കൂരയുമാണുള്ളത്. നാട്ടുകാരില്‍ ചിലര്‍ കൂടി സഹായിച്ചതോടെ വാങ്ങിയ വലിയ പ്ലാസ്റ്റിക് ടാര്‍പ്പ ഉപയോഗിച്ചായിരുന്നു മഴയേയും വെയിലിനേയും തടഞ്ഞിരുന്നത്. ഇപ്പോൾ പഴക്കം ചെന്ന ടാര്‍പ്പ ഭൂരിഭാഗവും നശിച്ചു. മഴപെയ്താല്‍ ഒരു തുള്ളി വെള്ളം പോലും വീടിന് പുറത്തേക്ക് പോകാത്ത സ്ഥിതിയായി.
ശക്തമായ മഴയോ കാറ്റോ വന്നാൽ വീടിന്റെ ഏതെങ്കിലും മൂലയിൽ പേടിച്ചിരിക്കും. പ്രമേഹവും രക്ത സമ്മര്‍ദവും ഉള്‍പ്പടെ പല അസുഖങ്ങളുമുണ്ട്. മരുന്നിനും ഗുളികയ്ക്കും മാസം നല്ലൊരു തുക വേണം. കോഴികളെ വളര്‍ത്തലാണ് ജോലി. മുട്ടയും കോഴിയും വിറ്റാണ് ജീവിതം തള്ളി നീക്കുന്നത്.
കണ്ണടയുംമുന്‍പ് ഒരു ദിവസമെങ്കിലും ഭയാശങ്ക കൂടാതെ സ്വന്തം വീട്ടില്‍ ഒന്നുറങ്ങാന്‍ കഴിയുമോ എന്ന് പ്രഭാവതി ചോദിക്കുന്നു. അതേസമയം ലൈഫ് പദ്ധതിയില്‍ ജനറല്‍ വിഭാഗത്തില്‍ തൊണ്ണൂറ്റിനാലാമത്തേതാണ് പ്രഭാവതിയെന്നും മുന്‍ഗണനാ ക്രമം അനുസരിച്ചു ഉറപ്പായും വീട് ലഭിക്കുമെന്നും വാര്‍ഡ് അംഗം രാജി അറിയിച്ചു. ലൈഫ് പദ്ധതിയില്‍ ആദ്യമേ ഇടം നേടുമായിരുന്ന പ്രഭാവതി എങ്ങനെ ഇത്രയും പിന്നിലായെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.