പ്രധാനമന്ത്രി ആവാസ് യോജന: ജില്ലയില്‍ 10,765 വീടുകള്‍
1459067
Saturday, October 5, 2024 6:12 AM IST
കൊല്ലം: പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഗ്രാമീണ മേഖലയില്‍ 10,765 വീടുകള്‍ അനുവദിച്ച് കേന്ദ്ര മന്ത്രാലയം ഉത്തരവായതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിനും അവലോകനത്തിനുമായി രൂപീകരിച്ചിട്ടുള്ള ദിശ യോഗത്തിനു ശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്.
2025 ഓടെ ക്ഷയരോഗ നിവാരണ ജില്ലയായി പ്രഖ്യാപിക്കുന്നതിനുളള തീവ്രയജ്ഞ പരിപാടി നടത്താൻ തീരുമാനിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എംപി അധ്യക്ഷത വഹിച്ചു.
ഒരു ലക്ഷം പേരെ പരിശോധിക്കുമ്പോള്‍ ഒരാളില്‍ താഴെ മാത്രം ക്ഷയരോഗികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പൂര്‍ണമായ ക്ഷയരോഗനിവാരണ ലക്ഷ്യം കൈവരിച്ചതായി പ്രഖ്യാപിക്കുക. പരിശോധനയ്ക്കായി 54 നാറ്റ് ടെസ്റ്റിംഗ് സെന്ററുകളും, 54 മൈക്രോസ്കോപ്പ് ടെസ്റ്റിംഗ് സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.
ക്ഷയരോഗ പരിശോധന പൂര്‍ണമായും സൗജന്യമാണ്. ക്ഷയരോഗ നിര്‍ണയത്തിനായി എല്ലാ താലൂക്ക് ആശുപത്രികളിലും സൗജന്യമായി ഇഗ്രാ ടെസ്റ്റ് നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനപങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനു പ്രത്യേക പദ്ധതി തയാറാക്കി നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.