പുനലൂർ ഓണം ഫെസ്റ്റിൽ തിരക്കേറുന്നു
1454676
Friday, September 20, 2024 6:09 AM IST
പുനലൂർ: ഹംപിക്ഷേത്ര ഗോപുരത്തിന്റെ മാതൃകയിൽ പ്രവേശന കവാടം നിർമിച്ച ഓണം ഫെസ്റ്റ് ആയിരങ്ങളെ ആകർഷിക്കുന്നു. ഓണരാവുകളിൽ നഗരത്തിലെ വഴികളെല്ലാം ചെമ്മന്തൂരിലേക്ക്. നഗരസഭയുടെ മേൽനോട്ടത്തിൽ, നഗരസഭാ സ്റ്റേഡിയത്തിൽ ആരംഭിച്ച ഓണം ഫെസ്റ്റിൽ നിറഞ്ഞുകവിഞ്ഞ് ജനം. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി കുട്ടികളും പ്രായം ചെന്നവരും ഉൾപ്പെടെ ആയിരങ്ങൾ ഒഴുകിയെത്തുകയാണ്.
ഓണാഘോഷ ഭാഗമായി ചെമ്മന്തൂരിൽ സംഘടിപ്പിച്ച ഓണം ഫെസ്റ്റ് രണ്ടാഴ്ച പിന്നിടുകയാണ്. ചലച്ചിത്ര താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെ പങ്കെടുക്കുന്ന കലാസന്ധ്യകളാണ് മേളയുടെ മുഖ്യ ആകർഷണം. ചലച്ചിത്ര താരങ്ങളായ ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തോടെയായിരുന്നു മേള തുടങ്ങിയത്.
തൃശൂരിൽ നിന്ന് എത്തിയ 'ഓണപ്പുലികൾ' ഫെസ്റ്റിന് നിറം കൂട്ടി. കലാപരിപാടികൾക്ക് പുറമേ ഉപ്പുതൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന വിൽപ്പനമേള, കുട്ടികളെ ആകർഷിക്കുന്ന അമ്യൂസ്മെന്റ്പാർക്ക്, മരണക്കിണർ തുടങ്ങിവ മേളയ്ക്ക് നിറം പകരുകയാണ്.
മുഖ്യവേദിയിൽ ദിവസവും രാത്രി 7.30 മുതൽ കലാപരിപാടികൾ അരങ്ങേറും. ഇന്ന് നാടൻപാട്ട്. 21 ന് ചെണ്ടമേളവും വയലിൻ ഫ്യൂഷനും. 22 ന് ബാൻഡ് ഷോ. 23 ന് ശ്രാവണോത്സവം എന്നിവയാണ് മുഖ്യപരിപാടികൾ. സമാപന ദിവസമായ ഒക്ടോബർ 13 ന് പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഷോ അരങ്ങേറും.