ലക്ഷങ്ങൾ മുടക്കിയിട്ടും കോട്ടാത്തല മൂഴിക്കോട് ചിറ ഇപ്പോഴും ചെളിക്കളം
1453297
Saturday, September 14, 2024 5:47 AM IST
കൊട്ടാരക്കര: ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണം നടത്തിയിട്ടും കോട്ടാത്തല മൂഴിക്കോട് ചിറ പഴയതിനേക്കാൾ മോശം സ്ഥിതിയിലായി മൈലം പഞ്ചായത്ത് രണ്ട് പദ്ധതികളിലായി അനുവദിച്ച 13.76 ലക്ഷം രൂപ ഉപയോഗിച്ചാണ് ഒരു വർഷം മുന്പാണ് ചിറ നവീകരണം ആരംഭിച്ചത്. എന്നാൽ നവീകരണ പദ്ധതി പൂർത്തിയാക്കിയിട്ടില്ല.
ചിറയിലെ വെള്ളം വറ്റിച്ച് ചെളികോരി മാറ്റുകയും വശങ്ങൾ കരിങ്കല്ല് ഉപയോഗിച്ച് കെട്ടി ബലപ്പെടുത്തുന്ന ജോലികൾ തുടങ്ങിവയ്ക്കുകയും ചെയ്തു.
കൽപ്പടവുകൾ പുനർ നിർമിക്കുന്നതടക്കമുള്ള ജോലികൾ എസ്റ്റിമേറ്റ് പ്രകാരം ഉണ്ടായിരുന്നു.
എന്നാൽ ഇതൊന്നും നിർമിച്ചില്ല. നിർമാണം പൂർത്തിയാക്കാതെ ലക്ഷങ്ങളുടെ ബില്ല് മാറിയതായി നേരത്തേ ആക്ഷേപവും നിലനിൽക്കുകയാണ്. ചിറയിലെ വെള്ളത്തിൽ പായലും മാലിന്യവും നിറഞ്ഞു കിടക്കുന്നു. മാത്രമല്ല വശങ്ങൾ കുറ്റിക്കാട് മൂടിക്കഴിഞ്ഞു. തീർത്തും നാശത്തിലാണിപ്പോൾ മൂഴിക്കോട് ചിറ.
കൊട്ടാരക്കര- പുത്തൂർ റോഡരികിലെ പതിറ്റാണ്ടുകളുടെ ശേഷിപ്പാണ് മൂഴിക്കോട് ചിറ. അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം സിനിമയുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തത് ചിറയുമായി ബന്ധപ്പെടുത്തിയാണ്. കുറച്ചു കാലം കഴിഞ്ഞതോടെ ചിറയുടെ കാലക്കേടു തുടങ്ങി.
ചിറയിലേക്ക് വാഹനങ്ങൾ മറിഞ്ഞ് നിരവധിപേർ അപകടത്തിൽപ്പെട്ടു. ചിലർ ചിറയിൽ ചാടി ജീവനൊടുക്കി. ഇതോടെ റോഡിന്റെ വശത്തായി ചിറയ്ക്ക് മുന്നിൽ നാലാൾ പൊക്കത്തിൽ കമ്പിവേലി നിർമിച്ചു. വേലിയിൽ കുറ്റിക്കാടും വള്ളിച്ചെടികളും വളർന്നതോടെ ചിറ തീർത്തും മറഞ്ഞിരിക്കുകയാണ്.
ചെറിയ നടവഴിയിൽക്കൂടി സാമൂഹ്യവിരുദ്ധർ അകത്ത് കടക്കുന്നു. പലരും മദ്യപിക്കാനും മറ്റുമുള്ള ഇടമായി ചിറയുടെ പരിസരം മാറ്റുകയും ചെയ്തു. പുറമേ നിൽക്കുന്നവർക്ക് ഇവരെ കാണാനും പറ്റില്ല.
കുളത്തിന്റെ മുടങ്ങിയ സൗന്ദര്യവത്കരണം
കൊട്ടാരക്കര: പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 12 ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു.
ഗാർഡനിംഗ്, ലൈറ്റ് സംവിധാനം, ഇരിപ്പിടങ്ങളൊരുക്കൽ എന്നിവയാണ് പ്രധാനമായി ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഈ പദ്ധതി എവിടേക്ക് പോയെന്നും ആർക്കുമറിയില്ല.