അഞ്ചലില്‍ ഓട്ടോയ്ക്കുള്ളില്‍ തീകൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം
1451903
Monday, September 9, 2024 6:40 AM IST
അഞ്ചല്‍: അഞ്ചലില്‍ ഓട്ടോയ്ക്കുള്ളില്‍ തീകൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം. ചന്തമുക്കിനു സമീപം ഇന്നലെ ഉച്ചക്കായിരുന്നുസംഭവം. പുനലൂരില്‍ നിന്നെത്തിയ ഓട്ടോ അഞ്ചല്‍ -ആയൂര്‍ പാതയില്‍ നിര്‍ത്തിയിട്ടശേഷം ശരീരത്തിൽ ദ്രാവകം ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നു.
ഓട്ടോയ്ക്കുള്ളില്‍ തീപടരുന്നത് കണ്ട നാട്ടുകാര്‍ ചേർന്ന് കെടുത്താൻ തുടങ്ങി. പൊള്ളലേറ്റ പുനലൂര്‍ തൊളിക്കോട് ആര്‍എസ് നിവാസില്‍ സന്തോഷിനെ ഗുരുതര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60 ശതമാനത്തിൽ അധികം പൊള്ളലേറ്റിട്ടുണ്ട്.
ആത്മഹത്യാ ശ്രമം എന്നാണ് പോലീസ് നിഗമനം. പുനലൂരില്‍ നിന്നെത്തിയ യുവാവിന്റെ ഓട്ടോയില്‍ നിന്ന് ഒരു സ്ത്രീ ഇറങ്ങിപ്പോയതായി ചിലര്‍ പോലീസിനോട് പറഞ്ഞു. സ്ഥലത്തെത്തിയ അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഓട്ടോ ഭാഗികമായി കത്തി നശിച്ചു.