ചണ്ണപ്പേട്ടയിലെ കള്ളുഷാപ്പിനെതിരേ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി
1451612
Sunday, September 8, 2024 5:56 AM IST
അഞ്ചല്‍: അലയമണ്‍ പഞ്ചായത്തിലെ ചണ്ണപ്പേട്ടയില്‍ ആരംഭിച്ച കള്ള് ഷാപ്പിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ചണ്ണപ്പേട്ട വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പദയാത്രയും ധര്‍ണയും സംഘടിപ്പിച്ചു. ചണ്ണപ്പേട്ട ജംഗ്ഷനില്‍ നിന്നാരംഭിച്ച പദയാത്ര പഞ്ചായത്ത് ഓഫീസ് പടിക്കല്‍ എത്തിയതോടെ ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.
പ്രതിഷേധം ഡിസിസി ജനറല്‍ സെക്രട്ടറി ഏരൂര്‍ സുഭാഷ് ഉദ്ഘാടനം ചെയ്തു. കേരളം ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയാണെന്നും പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും ഏരൂര്‍ സുഭാഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഷാപ്പിനെതിരേ നാട്ടുകാരുടെ സമരത്തിനു കോണ്‍ഗ്രസ് പിന്തുണ ഉണ്ടാകുമെന്നും സുഭാഷ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എം.എം.സാദിക് അധ്യക്ഷനായി. ഡിസിസി അംഗം കെ.ജി. സാബു, സഹകരണ ബാങ്ക് പ്രസിഡന്റ് ചാർളികോലത്ത്, നേതാക്കളായ എച്ച്. സുനിൽദത്ത്, പഞ്ചായത്ത് അംഗളായ ജേക്കബ് മാത്യൂ, ബിനു സി. ചാക്കോ, ജെ. ഗീത, നേതാക്കളായ കുഞ്ഞുമോൻ മണക്കോട്, മാഹീൻ കാട്ടുംപുറം, അജാസ് ചണ്ണപ്പേട്ട, സജി ഇല്ലിക്കൽ, എം.എസ്. മുരുകൻ, സജീന ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.