വൈദ്യുതി തടസപ്പെടുത്തിയതിന് അറസ്റ്റിലായി
1451387
Saturday, September 7, 2024 6:17 AM IST
കൊല്ലം: വൈദ്യുതി തടസപ്പെടുത്തി ജനങ്ങളേയും കെഎസ്ഇബിയേയും ദുരിതത്തിലാക്കിയ സാമൂഹ്യവിരുദ്ധൻ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര, അരവിള, എൽസി ഭവനത്തിൽ ബിജു (48) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 25 ന് രാത്രിയിൽ കെഎസ്ഇബിയുടെ ശക്തികുളങ്ങര ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അരവിള ഭാഗത്തെ 11 കെവി ഫീഡറുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന സ്വിച്ച് ഇയാൾ അനധികൃതമായി പ്രവർത്തിപ്പിച്ച് ഈ ഭാഗത്തുള്ള സാധാരണക്കാർക്കും വ്യവസായിക ഉപഭോക്താക്കൾക്കുമുള്ള വൈദ്യുതി തടസപ്പെടുത്തിയിരുന്നു.
കൂടാതെ അരവിളയിലുള്ള ട്രാൻസ്ഫോമറിലെ ഫ്യൂസുകൾ ഊരിയെടുത്ത് നശിപ്പിക്കുകയും ചെയ്തു.
ഒരു മണിക്കൂറോളം വൈദ്യുതി തടസംമൂലം കെഎസ്ഇബിക്ക് രണ്ട് ലക്ഷം രൂപയോളം നഷ്ടമുണ്ടായി. ശക്തികുളങ്ങര ഇൻസ്പെക്ടർ രതീഷ്, വിനോദ്, സിപിഒ പ്രവീണ്‍, ശ്രീകാന്ത്, അജിത് ചന്ദ്രൻ, കിഷോർമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.