യുവാവിനെ കൊ ലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്
1425676
Tuesday, May 28, 2024 11:38 PM IST
കൊല്ലം: യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ചാത്തന്നൂര്‍ മീനാട് മരുതിക്കോട് കിഴക്കുംകര കോളനിയില്‍ ചരുവിള പുത്തന്‍വീട്ടില്‍ ശ്യാമിനെ (21) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അടുതല ചരുവിള പുത്തന്‍വീട്ടില്‍ വിജേഷ് (29), അനിതാ ഭവനില്‍ അജിത്ത് (ചിച്ചു -29) വിളയില്‍ വീട്ടില്‍ രഞ്ചു (29) എന്നിവരെയാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചത്. പിഴയായി അടയ്ക്കുന്ന തുക മരിച്ച ശ്യാമിന്റെ അനന്തരാവകാശികള്‍ക്ക് നല്‍കണമെന്നും വിധിയിൽ പറയുന്നു. അനന്തരാവകാശികളെ പുനരധിവസിപ്പിക്കാനുള്ള നപടികള്‍ കൈക്കൊള്ളുന്നതിന് ജില്ലാ നിയമ സഹായ സേവന അതോറിറ്റിയോട് വിധിയില്‍ നിര്‍ദേശിച്ചു.
2019 ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതും മദ്യപിക്കാനായി കോളനിയിലുള്ള പൊതുകിണറ്റില് ഇറങ്ങി വെള്ളം എടുത്തതും ശ്യാമും പിതാവ് ശശിധരനും ചോദ്യം ചെയ്തതിലുള്ള വിരോധത്താലായിരുന്നു കൊലപാതകം. ശ്യാമിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി പ്രതികള്‍ കമ്പി വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതി അജീഷ് വിചാരണ വേളയ്ക്കിടെ മരിച്ചു. അഞ്ചു മുതൽ ഏഴുവരെയുള്ള പ്രതികളെ വെറുതെ വിട്ടു.
ശ്യാമിന്റെ മാതാപിതാക്കളടക്കം ദ്യക്സാക്ഷിയായ കേസില്‍ പ്രോസിക്യൂഷന് 18 സാക്ഷികളെ വിസ്തരിക്കുകയും 18 തൊണ്ടി സാധനങ്ങള്‍ ഹാജരാക്കുകയും ചെയ്തു.
ചാത്തന്നൂര്‍ പോലിസ് എസ്ഐ ആയിരുന്ന എ.എസ് സരിനാണ് കേസ് അന്വേഷിച്ചത്. സിഐയായിരുന്ന വി.എസ് പ്രദീപ് കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന് ജി. മുണ്ടയ്ക്കല്‍, അഡ്വ. ജെ. അനന്തകൃഷ്ണന് എന്നിവര്‍ കോടതിയിൽ ഹാജരായി.