കേരളത്തിനൊ പ്പം നിൽക്കുന്നത് എൽഡിഎഫ്: എം. മുകേഷ്
1416532
Monday, April 15, 2024 11:52 PM IST
കൊല്ലം: എല്ലാ കാലവും കേരളത്തിനൊപ്പം നിൽക്കുന്നത് എൽഡിഎഫ് എന്ന് കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ്. ഇന്നലെ ചാത്തന്നൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.
ആദർശം യുഡിഫ് ക്കാർക്ക് പ്രശ്നമല്ല, സ്ഥാനമാനങ്ങളും സമ്പത്തുമാണ് അവരുടെ ലക്ഷ്യം. രാവിലെ പത്രം നോക്കിയാൽ എത്ര യുഡിഎഫുകാർ ബിജെപി യിലേക്ക് പോയെന്നറിയാം. നിന്നിടത്തു നിൽക്കുന്ന കേരളത്തിന് ഒപ്പം നിൽക്കുന്ന ഏക പാർട്ടി എൽഡിഎഫ് ആണ്. ഏപ്രിൽ 26 ന് മത്സരമാണോ നാടിനു വേണ്ടിയുള്ള പോരാട്ടമാണോ എന്ന് മാത്രം തീരുമാനിച്ചാൽ മതി.
നമ്മൾ നേടിയെടുത്ത കേരളത്തിന്റെ സന്തോഷവും ചിരിയും ആർക്കും വിട്ടുകൊടുക്കില്ല, അതിന് ആരെയും അനുവദിക്കില്ല. കൊല്ലം കാരനാണെന്ന് പറയുന്നതിനാണ് ഏറ്റവും അഭിമാനം ഉള്ളതെന്നും ബാക്കി സ്ഥാനാർഥികളെ വച്ച് നോക്കുമ്പോൾ കൊല്ലംകാരൻ എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നത് തനിക്കാണെന്നും മുകേഷ് കൂട്ടിച്ചേർത്തു.
പാറയിൽക്കാവ് നടന്ന സ്വീകരണത്തിൽ രതീഷ് എന്ന കലാകാരൻ മുകേഷിന് അദ്ദേഹത്തിന്റെ ചിത്രം വരച്ച് സമ്മാനിച്ചു. സ്നേഹ സമ്മാനത്തിന് മുകേഷ് നന്ദി പറഞ്ഞു. ജിഎസ് ജയലാൽ എംഎൽഎ, മറ്റ് എൽഡിഎഫ് നേതാക്കൾ തുടങ്ങിയവർ അനുഗമിച്ചു.