പീടികപ്പച്ച കാർഷിക കേരളത്തിന് മാതൃകയാണെന്ന് കൊ ടിക്കുന്നിൽ
1416528
Monday, April 15, 2024 11:52 PM IST
കൊട്ടാരക്കര: കുളക്കട പഞ്ചായത്തിലെ പെരുംകുളത്തെ പീടികപ്പച്ച കാർഷിക കേരളത്തിന് മാതൃകയാണെന്ന് മാവേലിക്കര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്. വിഷു ആഘോഷത്തിന്റെ ഭാഗമായി പെരുംകുളത്തെ ബാപ്പുജി സ്മാരക വായനശാലയുടെ കാർഷിക വിപണിയായ ആഴ്ച ചന്ത ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഗ്രന്ഥശാലയ്ക്കും അതിന്റെ പിന്നണി പ്രവർത്തകർക്കും സമൂഹത്തിൽ ഏതെല്ലാം തരത്തിൽ ഇടപെടാൻ കഴിയുമെന്നതിന്റെ ഉദാത്തമായ മാതൃകയാണ് പെരുംകുളത്തെ ബാപ്പുജി സ്മാരക വായനശാല. ഇന്ത്യയിലെ രണ്ടാമത്തെതും കേരളത്തിലെ ഒന്നാമത്തേതുമായ പുസ്തക ഗ്രാമം എന്ന ഖ്യാതി നേടിയ ഈ വായനശാലയുടെ പ്രവർത്തനം വായനയിലും പുസ്തകത്തിലും മാത്രം ഒതുങ്ങി നിൽക്കുന്നതല്ല.
വായനശാലയുടെ കീഴിലുള്ള കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പീടികപ്പച്ച ആഴ്ചച്ചന്ത ഒട്ടേറെ പേരെ കൃഷിയിലേക്ക് ആകർഷിക്കാനും കാർഷിക ഉൽപന്നങ്ങൾക്ക് അധ്വാനത്തിന്റെ വില ലഭിക്കുവാനും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഈ വായനശാലയ്ക്ക് കെട്ടിടം നിർമിക്കാൻ 12 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്ന് നൽകാൻ കഴിഞ്ഞപ്പോൾ താനും ഈ സൽക്കർമത്തിൽ പങ്കാളിയായതിന്റെ ചരിതാർഥ്യമാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു.