അഴിമതി വിളിച്ച് പറയുന്നവരെ പോ ലീസിനെകൊ ണ്ട് പിണറായി തല്ലി ഒതുക്കുന്നു: ബിന്ദുകൃഷ്ണ
1394570
Wednesday, February 21, 2024 11:46 PM IST
കൊല്ലം : മകളുടെയും മരുമകന്റേയും അഴിമതിയും ദുർഭരണവും വിളിച്ചു പറയുന്നവരെ പോലീസിനെ കൊണ്ട് തല്ലി ഒതുക്കാമെന്നത് പിണറായിയുടെ സ്വപ്നം മാത്രമാകുമെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ.
102 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഓലയിൽ കടവ് വരെയുള്ള പാലം ഉദ്ഘാടനം ചെയ്യാത്തത്തിൽ പ്രതിഷേധിച്ചും നിലവിൽ ഉള്ള ലിങ്ക് റോഡ് റീ ടാറിങ് നടത്താൻ 10 കോടി രൂപ അനുവദിച്ചത് അഴിമതിയ്ക്ക് വേണ്ടി ആണെന്നും ലിങ്ക് റോഡ് നവീകരണ ഉദ്ഘാടന നോട്ടിസിൽ എം പി എൻ .കെ .പ്രേമചന്ദ്രനെ അപമാനിച്ചു എന്ന് ആരോപിച്ചും കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മന്ത്രി റിയാസ് പങ്കെടുക്കുന്ന ലിങ്ക് റോഡ് നവീകരണ ഉദ്ഘടനാ വേദിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ ബാരിക്കേഡ് വച്ചു പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നേതാക്കളും പോലീസും തമ്മിൽ രൂഷമായ വാഗ്വാദം ഉണ്ടായി.ഉന്തിലും തള്ളിലും ബിന്ദു കൃഷ്ണ മറിഞ്ഞു വീഴുകയും പോലീസ് കാലിൽ ചവിട്ടുകയും ചെയ്തത് രംഗം കൂടുതൽ വഷളാക്കി.
ബ്ലോക്ക് പ്രസിഡന്റ് ഗീതാകൃഷ്ണനും ഈസ്റ്റ് സി ഐ ഹരിലാലും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഗീതാകൃഷ്ണനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് പിടിവലി ആവുകയും ഗീതാകൃഷ്ണന്റെ വസ്ത്രം കീറിയത് രംഗം കൂടുതൽ വഷളാക്കുകയും ചെയ്തു. ഇതിനിടയി കെ എസ് യു ജില്ലാ സെക്രട്ടറി ഫൈസലിനെ അറസ്റ്റ് ചെയ്തത് വീണ്ടും പ്രശ്നങ്ങൾക്കിടയായി.
തുടർന്ന് ഗീതാകൃഷ്ണൻ, കുരീപ്പുഴ യഹിയ, അജി പള്ളിതോട്ടം, ദീപ ആൽബർട്ട്, ചക്രശൂലൻ, ഫൈസൽ, ഷിബു, ബിജു എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
നേതാക്കളായ കൃഷ്ണ വേണി ജി .ശർമ്മ, അഡ്വ. വിഷ്ണു സുനിൽ പന്തളം, അഡ്വ. ഫേബ സുദർശൻ, റിയാസ് ചിതറ, ചെറശേരിൽ കൃഷ്ണകുമാർ, രഞ്ജിത് കലുങ്കുമുഖം, രാജേഷ് കുമാർ കെ. ജി, ബിജു മതേതര, ബാബു മോൻ വാടി, സാബ് ജാൻ, എഫ് .അലക്സാണ്ടർ, ജോബോയ്, സിന്ധു കുമ്പളത്ത്, സുനിത നിസാർ, ബ്രിജിത്ത്, സുദർശൻ താമരാക്കുളം, മുഹമ്മദ് കുഞ്ഞ്, ജഗന്നാഥൻ, തുടങ്ങിയവർ നേതൃത്വം നൽകി.