‘അധ:സ്ഥിതർ എന്ന വർഗം ഇല്ലാത്ത ഭാരതമാണ് മോ ദി സർക്കാരിന്റെ ലക്ഷ്യം’
1373953
Monday, November 27, 2023 11:39 PM IST
ചാത്തന്നൂർ: അധ:സ്ഥിതർ എന്ന വർഗം ഇല്ലാത്ത ഭാരതമാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് മുൻ എം പിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. വികസിത് ഭാരത് സങ്കല്പ് യാത്രയുടെ കൊല്ലം ജില്ലാതല ഉദ്ഘാടനം ചാത്തന്നൂരിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു സുരേഷ് ഗോപി. അഞ്ച് മില്യൺ എക്കണോമി എന്ന ലക്ഷ്യത്തിലേയ്ക്കാണ് ഇന്ത്യ കുതിക്കുന്നത്. ജനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ് രാഷ്ട്രത്തിന്റെ ശക്തി.
ജനങ്ങളുടെ സാമ്പത്തികവളർച്ചയ്ക്കായി കേന്ദ്രസർക്കാർ മുദ്ര ലോൺ തുടങ്ങി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മുദ്ര ലോണിനായി ബാങ്കുകളിൽ എത്തുന്നവരോട് മോദിയോട് പോയി ചോദിക്കാൻ പറയുന്ന ബാങ്ക് ഉദ്യോഗസ്ഥരുണ്ട്. അവർ ആ ജോലി ചെയ്യാൻ അർഹരല്ല. അവർ അരാജകത്വത്തിന്റെ കൊടി പിടിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.
ഏറ്റവും കുറച്ച് മൂദ്ര ലോൺ അനുവദിക്കുന്നത് കേരളത്തിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങളെക്കാൾ ഭാഗ്യം സിദ്ധിച്ചവരിൽ നിന്നും പിരിച്ചെടുക്കുന്ന ചുങ്കമാണ് വായ്പയായി നിങ്ങൾക്ക് അനുവദിക്കുന്നത്. ഇത് ആരുടെയും ഔദാര്യമോ കാരുണ്യമോ അല്ല. ജനങ്ങളുടെ അവകാശമാണ്.
ഇത്തരത്തിലുള്ള സൗകര്യങ്ങൾ വിനിയോഗിച്ച് ജനങ്ങൾ സ്വയം പര്യാപ്തയിലെത്തുന്നതിനെ കേരളത്തിലെ ഒരു വിഭാഗം എതിർക്കുകയാണ്. എന്നും ജനങ്ങൾ അധ:സ്ഥിതരായി തുടർന്നാൽ മാത്രമേ അവർക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ കഴിയൂ. ഇത്തരക്കാരുടെ കോ-ഓപ്പറേറ്റീവ് സമ്പ്രദായങ്ങളിൽ ചെന്ന് പെട്ട് ജീവിതം കുട്ടിച്ചോറാക്കരുതെന്നും സുരേഷ് ഗോപി ഉപദേശിച്ചു.
കേന്ദ്ര സർക്കാരിന്റെ ജനകീയ പദ്ധതികൾക്ക് നേരെ കേരളം മുഖം തിരിച്ചു നില്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ പ്രദീപ്.കെ.എസ്.ചടങ്ങിൽ അധ്യക്ഷനായിരുന്നു. ബിജെപി ജില്ലാപ്രസിഡന്റ് ബി.ബി ഗോപകുമാർ, ഗ്രാമപഞ്ചായത്തംഗം മീരാഉണ്ണി, ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ സാം സമ്പത്ത് യൂജിൻ, ഇന്ത്യൻ ബാങ്ക് എൽഡിഎം അരുണിമ വി.റ്റി തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു. ജില്ലയിലെ 68 പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കല്പ്യാ യാത്ര പര്യടനം നടത്തും. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ പ്രചരണവും ബോധവത്ക്കരണവുമാണ് യാത്രയുടെ ലക്ഷ്യം.