ഏരൂരിലെ മാലിന്യ പ്രശ്നം: വീഴ്ചകള്‍ പരിശോധിക്കുമെന്ന് ജില്ലാകളക്ടര്‍
1339761
Sunday, October 1, 2023 11:01 PM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ നീരാട്ട്തടത്തില് അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന പന്നി ഫാമിന്റെ മറവില്‍ ഇറച്ചി മാലിന്യങ്ങള്‍ അടക്കം ശേഖരിച്ച സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ സ്ഥലം സന്ദര്‍ശിച്ചത്.
ആര്‍ഡിഒയ്ക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരോടുമൊപ്പം കളക്ടര്‍ ആദ്യം എത്തിയത് പന്നി ഫാമിന്റെ മറവില്‍ ഇറച്ചി, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ തോതില്‍ ശേഖരിച്ചിരുന്ന സ്ഥലത്ത് ആയിരുന്നു.
തൊട്ടടുത്തായി ഓയില്‍പാം, വനം എന്നിവ ഉണ്ടായിട്ടും ഇത്രയധികം മാലിന്യങ്ങള്‍ ശേഖരിച്ചത് ആരും അറിഞ്ഞിരുന്നില്ലേ എന്നും എന്ത് നടപടി സ്വീകരിച്ചുവെന്നു പോലീസ് വനം വകുപ്പ് അധികൃതരോട് ചോദിച്ചു.
പിന്നീട് ഫാമിന് തൊട്ടടുത്തായി ചിക്കന്‍ റെണ്ടറിംഗ് ഫാക്ടറി എന്ന പേരില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച സ്ഥാപനത്തില്‍ കളക്ടര്‍ എത്തിയിരുന്നുവെങ്കിലും ഫാക്ടറി പൂട്ടിയിരിക്കുന്നതിനാല്‍ അകത്ത് കടക്കാന്‍ കഴിഞ്ഞില്ല. ഫാക്ടറി സ്ഥാപിച്ചതും പ്രവര്‍ത്തനം നടത്തിയതും ഉള്‍പ്പടെ നിയമലംഘനമാണ് എന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി. ട്രയല്‍ റണ്ണിന്റെ മറവില്‍ ഒരാഴ്ചയോളം ഫാക്ടറി പ്രവര്‍ത്തിച്ചിട്ടും അധികൃതര്‍ ആരും തന്നെ അറിഞ്ഞില്ല എന്ന് കളക്ടറുടെ ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ മറുപടി നല്കി.
ഇവിടെ നിന്നും തൊട്ടടുത്ത് മൃഗകൊഴുപ്പ് വേര്‍തിരിക്കുന്ന അനധികൃത സ്ഥാപനത്തിലേക്ക് കളക്ടര്‍ എത്തിയതോടെ സ്ഥാപനത്തിന്റെ വൈദ്യുതി ബന്ധം വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വിച്ഛേദിച്ചു. ഒരാഴ്ച മുമ്പ് വൈദ്യുതി വിച്ഛേദിക്കണം എന്ന് കാട്ടി പഞ്ചായത്ത് നല്കിയ കത്തിലാണ് കളക്ടര്‍ എത്തിയതോടെ തിടുക്കപ്പെട്ടുള്ള കെഎസ്ഇബിയുടെ നടപടി.
ഇവിടെ വൈദ്യുതി കണക്ഷന് നല്‍കിയതില്‍ അടക്കം ദുരൂഹതയുണ്ടെന്നു കോണ്‍ഗ്രസ് നേതാക്കള്‍ കളക്ടറെ അറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ ചോദ്യം ചെയ്തു.
ഇവിടെ നിന്നും മാലിന്യം ജനവാസ മേഖലയിലേക്ക് ഒഴുകി എത്തുന്ന തോട്ടില്‍ എത്തിയും കളക്ടര്‍ പരിശോധന നടത്തി.
ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നു വ്യക്തമാക്കിയ കളക്ടര്‍ വരുന്ന നാലിന് പഞ്ചായത്ത്, പോലീസ്, വനം, ഓയില്‍പാം, ആരോഗ്യ വകുപ്പ് അധികൃതരുടെ യോഗം വിളിക്കുമെന്നും യോഗത്തിനു ശേഷം ആരുടെയെങ്കിലും ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതടക്കം വ്യക്തമാക്കുമെന്നും അറിയിച്ചു.
അതേസമയം പഞ്ചായത്ത്, വനം, ഓയില്‍പാം, ആരോഗ്യ വകുപ്പുകളോട് ഇക്കാര്യത്തില്‍ വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്.
പുനലൂര്‍ ആര്‍ഡിഒ ബി ശശികുമാര്‍, പുനലൂര്‍ ഡിവൈഎസ്പി ബി വിനോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത്, വനം, ഓയില്‍പാം, ആരോഗ്യ വകുപ്പ് അധികൃതര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ കളക്ടര്‍ക്കൊപ്പം സ്ഥലത്ത് എത്തിയിരുന്നു. അതേസമയം മാലിന്യം ശേഖരിക്കപ്പെട്ട വസ്തു ഉടമ നടത്തിപ്പുകാരന് എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. കുന്നുകൂടിയിരിക്കുന്ന ടണ്‍ കണക്കിന് മാലിന്യം എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
മഴകൂടി കനത്തതോടെ മാലിന്യം വലിയ അളവിലാണ് തോട്ടിലേക്ക് ഒഴുകിയെത്തുന്നത്.