കാഴ്ചയുടെ വിസ്മയം തീർത്ത് ഓച്ചിറ കാളകെട്ടുത്സവം
1338555
Wednesday, September 27, 2023 12:10 AM IST
കരുനാഗപ്പള്ളി: കാഴ്ചയുടെ വിസ്മയം തീർത്ത് ഓച്ചിറ കെട്ടുകാള ഉത്സവം വർണാഭമായി. പടനിലത്തേക്ക് ഒാരോ കെട്ടുരുപ്പടികളും എത്തിയതോടെ തിങ്ങിനിറഞ്ഞ ജനസാഗരം ആർപ്പുവിളികളോടെ സ്വീകരിച്ചു.
ഓരോ കരക്കാരും മത്സരബുദ്ധിയോടെ കെട്ടുകാളകളെ അണിയിച്ചൊരുക്കുകയും മുത്തുക്കുടകളുടേയും ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളുടെയും അകമ്പടിയോടുകൂടി ആഘോഷപൂര്‍വം പരബ്രഹ്മ സന്നിധിയിലേക്ക് എത്തിച്ചേർന്നു.
കരുനാഗപ്പള്ളി, കാര്‍ത്തികപള്ളി, മാവേലിക്കര താലൂക്കുകളില്‍പെട്ട 52 കരകളില്‍ നിന്നായി ചെറുതും വലുതുമായ ഇരുന്നൂറോളം കെട്ടുകാളകളാണ് പടനിലത്ത് അണിനിരന്നത്. വനിതാ കൂട്ടായ്മയിലും ബാലവേദികളുടെ നേതൃത്വത്തിലും -കെട്ടുകാളകളെ അണിയിച്ചൊരുക്കി ക്ഷേത്രത്തിൽ എത്തിച്ചു.
കെട്ടുത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഭരണസമിതിയും പോലീസും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.62 അടി പൊക്കമുള്ള വിശ്വപ്രജാപതി കാലഭൈരവനാണ് കെട്ടു കാളകളുടെ തലപ്പൊക്കത്തിൽ ഇപ്പോൾ മുന്നിൽ. 56അടി ഉയരമുള്ള മാമ്പ്രക്കനേലിന്റെ ഓണാട്ടു കതിരവനാണ് രണ്ടാമത്. 49 അടി ഉയരവുമായി ചങ്ങൻകുളങ്ങര കരക്കാരുടെ കെട്ടുകാള മുന്നാമതും.
കൂറ്റൻ കെട്ടുകളാണ് ഇക്കുറി വിവിധ കരക്കാർ കെട്ടി അലങ്കരിച്ച് ക്ഷേത്രത്തിൽ എത്തിച്ചത്. ഇങ്ങനെ ഒരടി പൊക്കമുള്ള കെട്ടുകാളകൾ വരെ പരബ്രഹ്മക്ഷേത്രത്തിൻ എത്തി ദർശനം നടത്തി ഭരണ സമിതി നിർദേശിച്ചീട്ടുള്ള സ്ഥലത്ത് നിരനിരയായി സ്ഥാനം പിടിച്ചു.